കളക്ടറേറ്റിലെ ചുവർ ചിത്രങ്ങൾ കൊല്ലത്തിന്റെ ചരിത്രം പറയും
കൊല്ലം: ജില്ലാ ഭരണകേന്ദ്രത്തിന്റെ ചുവരുകൾ ഇനി കൊല്ലത്തിന്റെ ചരിത്രം വിളിച്ചുപറയും. പോർക്കളത്തിൽ യുദ്ധവീര്യവുമായി നിൽക്കുന്ന വേലുത്തമ്പി ദളവ, ധ്യാനനിമഗ്നനായിരിക്കുന്ന ഗാന്ധിജി, കടയ്ക്കൽ വിപ്ലവത്തിന്റെ പോരാട്ട കഥകൾ, ആയുധമേന്തിയ പോരാളികൾ തുടങ്ങി ഒട്ടേറെ സമര പോരാട്ടങ്ങളും ചരിത്രസംഭവങ്ങളുമാണ് ചിത്രകാരൻ ആശ്രമം സന്തോഷും ശിഷ്യരും ചുവരിൽ ഒരുക്കിയിരിക്കുന്നത്.
ആധുനിക ചിത്രരചനാ ശൈലിയിൽ നാടൻ കലാരൂപങ്ങൾ അണിനിരക്കുന്ന പശ്ചാത്തലത്തിലാണ് ചിത്രങ്ങളും പിറവികൊണ്ടത്. കളക്ടറേറ്റിന്റെ മുൻവശം മുതൽ മൂന്നാം നിലവരെയാണ് ചിത്രങ്ങൾ സ്ഥാനം പിടിച്ചത്. കെട്ടിടത്തിന്റെ പ്രധാന തൂണുകൾ, പൂമുഖം, ഗോവണി, കൈവരി എന്നിവിടങ്ങളിൽ അനുബന്ധ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
അപെക്സും, അക്രിലിക്കും കൂടിച്ചേർന്ന മിശ്രിതമാണ് വരയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഒന്നരമാസത്തെ പരിശ്രമം വിജയകരമായി പൂർത്തിയാക്കിയ ആഹ്ലാദത്തിലാണ് ഇവർ. മതിലുകൾ ക്യാൻവാസുകൾ പോലെ വെളുപ്പിച്ചാണ് ചിത്രരചനയ്ക്കായി ഒരുക്കിയത്. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലുള്ള വേലുത്തമ്പി ദളവയുടെ പ്രതിമയും മിനുക്ക് പണികളിലൂടെ നവീകരിച്ചു. ഗുരുവിന് കരുത്ത് പകർന്ന് ശിഷ്യരും ഫൈനാൻസ് ബിരുദധാരികളുമായ ടി.റോഷൻ, എം.മഹേഷ് കുമാർ, എസ്.എൻ ട്രസ്റ്റ് സ്കൂൾ വിദ്യാർത്ഥിനി ഗോപിക കണ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഒന്നാം നില
കുണ്ടറ വിളംബരം (പോരാളിയായ വേലുത്തമ്പി), ബ്രിട്ടീഷ് സൈന്യത്തിനെതിരെ ദേശസ്നേഹികളുടെ പോരാട്ടം.
രണ്ടാം നില
കൊല്ലത്തിന്റെ ഗാന്ധി സ്മൃതികൾ.
മൂന്നാം നില
കടയ്ക്കൽ വിപ്ലവം
സർക്കാർ ഓഫീസുകളുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് കെട്ടിടത്തിന്റെ പ്രധാന കവാടം മുതൽ ചിത്രങ്ങൾ നിറഞ്ഞത്.
ആശ്രമം സന്തോഷ്, ചിത്രകാരൻ