അത്തം കളറാക്കാൻ ന്യൂജെൻ പൂക്കൾ
കൊല്ലം: കാലത്തിനൊത്ത് അത്തപ്പൂക്കളങ്ങളും മാറുന്നു. ബൊക്കെകളിലും വേദികൾ അലങ്കരിക്കാനും ഉപയോഗിച്ചിരുന്ന ഫ്രെഷ് ഫ്ലവേഴ്സ് എന്നറിയപ്പെടുന്ന ന്യൂജെൻ പൂക്കൾ അത്തപ്പൂക്കളങ്ങളിലും ഇടംപിടിക്കുകയാണ്. അത്തമിടാൻ പൂക്കൾ വാങ്ങാനെത്തുന്ന പുതുതലമുറ ന്യൂജെൻ പൂക്കളും ഒരുപിടി വാങ്ങിയാണ് മടങ്ങുന്നത്.
പുതിയ തലമുറയുടെ മനസ് തിരിച്ചറിഞ്ഞ് ബ്ലൂ ഡെയ്സി, വിവിധതരം ജെറിബ്രെ, ഐ ബെഡ് ക്രിസാന്തിയം തുടങ്ങിയ ഫ്രെഷ് ഫ്ലവേഴ്സ് പൂക്കച്ചവടക്കാർ വലിയ തോതിൽ സംഭരിക്കുന്നുണ്ട്. മറ്റ് പൂക്കൾ പോലെ കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഫ്രഷ് ഫ്ലവേഴ്സും ജില്ലയിലേക്ക് എത്തുന്നത്.
പൂവില ഉയർന്ന് തുടങ്ങി
മുൻകാലങ്ങളിലേത് പോലെ ഇത്തവണയും അത്തത്തലേന്ന് പൂ വിലയിൽ വൻ വർദ്ധനവുണ്ടായി. ഓണത്തിന് പുറമേ വിനായക ചതുർത്ഥി കടന്നുവന്നതും വില വർദ്ധനവിന്റെ കാരണമായി വ്യാപാരികൾ പറയുന്നു. വിനായക ചതുർത്ഥി പ്രമാണിച്ച് തമിഴ്നാട്, ആന്ധ്രാ, കർണാടക എന്നിവിടങ്ങളിൽ പൂക്കൾക്ക് വൻ ഡിമാൻഡാണ്.ശങ്കരൻകോവിൽ, മധുര, കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പൂക്കൾ എത്തുന്നത്. ഇവിടങ്ങളിൽ തമിഴ്നാട്ടിലെയും ആന്ധ്രായിലെയും കർണാടകത്തിലെയും വ്യാപാരികളുടെ ഏജന്റുമാർ മത്സരിച്ച് ലേലം വിളിക്കുകയാണ്. 27ന് വിനായക ചതുർത്ഥി കഴിയുന്നതോടെ രണ്ടോ മൂന്നോ ദിവസം പൂ വിലയിൽ നേരിയ ഇടിവ് വ്യാപാരികൾ പ്രതീക്ഷിക്കുന്നുണ്ട്.
പൂക്കൾ- ഇന്നലത്തെ വില, രണ്ട് ദിവസം മുമ്പ്
ബന്ദിപ്പൂവ്- 120, 100 പാൽ ജമന്തി- 600, 450 മഞ്ഞ ജമന്തി- 120, 100 മുല്ല- 1200, 900 പിങ്ക് അരുളി- 350, 300