കുണ്ടറ പള്ളിമുക്ക് ആർ.ഒ.ബി: സ്ഥലം ഏറ്റെടുക്കാൻ സ‌ർക്കാ‌ർ അനുമതി

Tuesday 26 August 2025 12:45 AM IST

കൊല്ലം: കുണ്ടറ പള്ളിമുക്കിൽ ആർ.ഒ.ബി നിർമ്മാണത്തിന് 199.19 സെന്റ് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ, റവന്യു വകുപ്പ് സ്ഥലമേറ്റെടുക്കൽ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി വേർതിരിച്ച് കല്ലുകൾ സ്ഥാപിക്കും.

ആർ.ഒ.ബിയുടെ അലൈൻമെന്റിൽ ഉൾപ്പെടുന്ന ഓരോ സർവേ നമ്പരിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ ഏകദേശം അളവ് കണക്കാക്കിയാകും അതിർത്തികല്ലുകൾ സ്ഥാപിക്കുക. തുടർന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ ഏകദേശ അളവ് കണക്കാക്കി റവന്യു വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് സാമൂഹ്യാഘാത പഠനത്തിന് ഏജൻസിയെ നിയോഗിക്കും. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെയും നഷ്ടമാകുന്ന കെട്ടിടങ്ങളുടെയും വില നിർണയിച്ച് നഷ്ടപരിഹാരം വിതരണം ചെയ്ത് സ്ഥലം ഏറ്റെടുക്കും.

സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയാകാൻ ഏകദേശം ഒരുവർഷം വേണ്ടി വരുമെന്നാണ് സൂചന. കൊല്ലത്ത് നിന്ന് വരുമ്പോൾ പള്ളിമുക്ക് ലെവൽക്രോസിന് 100 മീറ്റർ മുമ്പ് കൊല്ലം- തിരുമംഗലം പാതയുടെ ഓരത്ത് നിന്ന് അപ്രോച്ച് റോഡ് ആരംഭിക്കുന്ന തരത്തിലാണ് ആർ.ഒ.ബിയുടെ രൂപരേഖ.

കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ എത്തും മുമ്പേ പാലം റെയിൽപാത മുറിച്ചുകടന്ന് ചിറ്റുമല റോഡിൽ അവസാനിക്കും. ഏകദേശം 500 മീറ്ററാണ് പാലത്തിന്റെ നീളം. രണ്ട് വശങ്ങളിലും സ്ഥലം ഏറ്റെടുപ്പ് ഉണ്ടാകും. സ്ഥലമേറ്റെടുപ്പ് സഹിതം 43 കോടിയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. നിർമ്മാണ ചെലവ് റെയിൽവേ ഏറ്റെടുക്കാനും ആലോചനയുണ്ട്.

കൊല്ലം-തിരുമംഗംലം പാതയ്ക്ക് ആശ്വാസം

 കൊല്ലം- തിരുമംഗലം പാതയിലെ കുരുക്ക് അഴിയും

 പാതയിൽ തുടർച്ചയായി ഗതാഗതം സ്തംഭിക്കുന്നത് കുണ്ടറ പള്ളിമുക്കിൽ

 ട്രെയിൻ കടന്നുപോകാൻ ദിവസം 21 തവണ ഗേറ്റ് അടയ്ക്കും

 15 തവണ ഗേറ്റ് അടയ്ക്കുന്നത് പകൽ സമയം

 ട്രെയിൻ കടന്നുപോകുന്നതിന് പത്ത് മിനിറ്റ് മുമ്പേ ഗേറ്റ് അടയും

 ഈ സമയം പള്ളിമുക്കിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടും

 ഗേറ്റ് തുറന്ന് കുരുക്കഴിയാൻ കുറഞ്ഞത് കാൽ മണിക്കൂറെങ്കിലും വേണം

ഏറ്റെടുക്കുന്നത്

199.19 സെന്റ്

ഭരണാനുമതി

₹ 43.32 കോടി

നിർമ്മാണം

01 വർഷത്തിനകം

ഏതാനും ദിവസങ്ങൾക്കുള്ളിൽ കല്ലിടൽ നടപടികളിലേക്ക് കടക്കും. ഷെഡ്യൂൾ നിരക്ക് വർദ്ധനവ് അടിസ്ഥാനമാക്കി പരിഷ്കരിച്ച പദ്ധതിയുടെ എസ്റ്റിമേറ്റ് സാമ്പത്തികാനുമതിക്കായി കിഫ്ബിക്ക് സമർപ്പിച്ചിരിക്കുകയാണ്. പി.സി.വിഷ്ണുനാഥ് എം.എൽ.എ

കുണ്ടറ പള്ളിമുക്ക് ആർ.ഒ.ബി നിർമ്മാണ നടപടികൾ പുരോഗമിക്കുന്നത് ആശാവഹമാണ്. പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് നിറവേറുന്നത്.

യാത്രക്കാർ