സീസണായട്ടും മീന്‍ കിട്ടാത്തതിന് കാരണം; നാല് ജില്ലകളില്‍ പ്രശ്‌നമില്ല

Tuesday 26 August 2025 12:55 AM IST

കൊച്ചി: കേരളതീരത്തെ റെഡ്‌ടൈഡ് പ്രതിഭാസം (തീരത്തോട് ചേര്‍ന്ന് സമുദ്രജലത്തിലുണ്ടാകുന്ന നിറവ്യത്യാസം) മത്സ്യലഭ്യതയെ ബാധിച്ചു. കോഴിക്കോട്, തൃശൂര്‍, എറണാകുളം തീരത്താണ് ചുവപ്പ് കടല്‍ പ്രതിഭാസം വ്യാപകം. മേയ് 31ന് നിരോധനം നീങ്ങിയതിന് അടുത്ത ദിവസങ്ങളില്‍ മീന്‍ കിട്ടിയിരുന്നു. പിന്നീട് കിളിമീനും കണവയും കുറഞ്ഞു. ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും വടക്കന്‍കേരളത്തിലെ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കിളിമീനും കണവയും കുറയാന്‍ കാരണമിതാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.മുനമ്പത്ത് കഴിഞ്ഞവര്‍ഷം കിട്ടിയതിന്റെ പകുതി മീനേ ഇപ്പോഴുള്ളു. വള്ളങ്ങള്‍ക്കും ചൂണ്ട വള്ളങ്ങള്‍ക്കും കിട്ടാറുള്ള അയലയും മത്തിയും നെയ്മീനും കുറഞ്ഞു.

കൊല്ലം പരപ്പില്‍ ആവശ്യത്തിന് മീന്‍

വര്‍ക്കല മുതല്‍ അമ്പലപ്പുഴവരെയുളള കൊല്ലം പരപ്പ് സമുദ്രമേഖലയില്‍ കണവ, കിളിമീന്‍, ഉലുവമീന്‍, കരിക്കാടി,നാരന്‍ എന്നിവ ലഭ്യമാണ്.ഇവിടെ ചുവപ്പ്കടല്‍ കാര്യമായി അനുഭവപ്പെട്ടില്ല. തമിഴ്‌നാട്ടിലെ മുട്ടം, കുളച്ചില്‍, തേങ്ങാപട്ടണം മേഖലകളിലെ ബോട്ടുകളും കൊല്ലം പരപ്പില്‍ എത്താറുണ്ട്.

വില്ലന്‍ നോക്റ്റിലുക്ക

നോക്റ്റിലുക്ക എന്ന ചുവപ്പ് സൂക്ഷ്മപോളകളുടെ (മൈക്രോ ആല്‍ഗ) വ്യാപനമാണ് സമുദ്രജലം ചുവക്കാന്‍ കാരണം. ആല്‍ഗല്‍ ബ്ലൂമുകള്‍ എന്നും ഇതറിയപ്പെടുന്നു. കാലവര്‍ഷം ശക്തമായതിനാല്‍ സമുദ്രത്തിലേക്ക് തീരജലപ്രവാഹം കൂടുതലായിരുന്നു.കടല്‍ജലത്തില്‍ ലവണാംശം കൂടാനും പോളകള്‍ വ്യാപിക്കാനും ഇതിടയാക്കി. റെഡ്‌ടൈഡില്‍ ഓക്‌സിജന്‍ കുറയുന്നതിനാല്‍ ഈ ഭാഗത്തേക്ക് മീനുകള്‍ എത്താന്‍ മടിക്കും.കാലാവസ്ഥാ വ്യതിയാനവും ജലമലിനീകരണവും ഉയര്‍ന്ന താപനിലയുമാണ് ഈ പ്രതിഭാസത്തിന്റെ മറ്റ് കാരണങ്ങള്‍.