അടിഭാഗം പൊള്ള, നാടി​നു പേടി​യായി​ കൂറ്റൻ മരം

Tuesday 26 August 2025 1:14 AM IST
ദേശീയ പാതയോരത്തു നിൽക്കുന്ന, അടി​ഭാഗം ഭാഗി​കമായി​ പൊള്ളയായ മരം

കൊല്ലം: കൊല്ലം തിരുമംഗലം ദേശിയ പാതയിൽ ഇളമ്പള്ളൂർ കെ.ജി.വി യു.പി സ്കൂളിന് എതിർവശത്ത്, അടിഭാഗം പൊള്ളയായി നിൽക്കുന്ന കൂറ്റൻ മരം അപകട ഭീഷണി ഉയർത്തിയിട്ടും മുറിച്ചു നീക്കാൻ നടപടിയില്ല.

റോഡിലേക്ക് ചരിഞ്ഞാണ് മരത്തിന്റെ നിൽപ്പ്. മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റിയിട്ടില്ല. സ്‌കൂൾ കുട്ടികൾ ഉൾപ്പടെ നടന്നു പോകുന്ന തിരക്കേറിയ ഭാഗമാണിത്. മരം കടപുഴകിയാൽ വൈദ്യുതി ലൈനുകളിലേക്കും വാഹനങ്ങളുടെ മുകളിലേക്കുമായിരിക്കും വീഴുക. നഗരത്തിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഈ റോഡുകളുടെ വശങ്ങളിലാണെണ്. ഇളമ്പള്ളൂർ ആണെങ്കിലും പെരിനാട് പഞ്ചായത്ത് പരിധിയിൽ ആണ് ഈ മരം നിൽക്കുന്നത്. മരത്തിന്റെ അപകടം ഭീഷണി ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എന്നാൽ മരം നിൽക്കുന്നത് ദേശീയ പാതയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായതിനാൽ നടപടി എടുക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്

അങ്ങനെ ഒരു മരം അപകടഭീഷണി ഉയർത്തുന്നതായി പരാതികൾ ലഭിച്ചിട്ടില്ല. എത്രയും വേഗം വിവരങ്ങൾ ശേഖരിച്ച് നടപടികൾ സ്വീകരിക്കും

ദേശീയപാത അധികൃതർ