പത്ത് വയസുകാരിയ പീഡിപ്പിച്ച കുടകുകാരന് മരണം വരെ തടവ്

Tuesday 26 August 2025 2:31 AM IST

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ എടുത്തു കൊണ്ടുപോയി അര കിലോമീറ്റർ അപ്പുറമുള്ള വയലിലെത്തിച്ച് പീഡിപ്പിച്ച ശേഷം കമ്മലുകൾ കവർന്ന് സ്ഥലം വിട്ട കുടക് സ്വദേശി പി.എ. സലീമിന്(40) ഇരട്ട ജീവപര്യന്തം തടവ് വിധിച്ച് ഹൊസ്ദുർഗ് പോക്സോ അതിവേഗ കോടതി ജഡ്ജി പി.എം.സുരേഷ്. പ്രതി മരണം വരെ തടവിൽ കഴിയണമെന്നും കോടതി വിധിച്ചു.

പീഡനത്തിനിരയായ കുട്ടിയിൽ നിന്നു കവർന്ന കമ്മൽ വിൽക്കാൻ സഹായിച്ച പ്രതിയുടെ സഹോദരിയും രണ്ടാം പ്രതിയുമായ സുഹൈബയെ(21) ഇന്നലെ കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു

2024 മേയ് 15 ന് പുലർച്ചെയാണ്, അടുത്തുണ്ടായിരുന്ന മുത്തച്ഛൻ പശുവിനെ കറക്കാൻ തൊഴുത്തിലേക്ക് പോയ തക്കത്തിന് മുൻവാതിലൂടെ മുറിയിൽ അതിക്രമിച്ചു കയറിയ സലീം ഉറങ്ങിക്കിടന്നിരുന്ന 10 വയസ്സുകാരിയെ എടുത്തു കൊണ്ടുപോയത്. പീഡനത്തിന് ശേഷം സ്വർണ്ണക്കമ്മൽ കവർന്ന് പെൺകുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. ഇരുട്ടിൽ പേടിച്ചു വിറച്ച പെൺകുട്ടി തപ്പിത്തടഞ്ഞ് വെളിച്ചം കണ്ട ഒരു വീട്ടിലെത്തി ആളുകളെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കൂത്തുപറമ്പിലെത്തി സഹോദരിയെക്കൊണ്ട് കമ്മൽ കൂത്തുപറമ്പിലെ ജൂവലറിയിൽ

വില്പന നടത്തി. കിട്ടിയ പണവുമായി അയൽ സംസ്ഥാനങ്ങളിലേക്ക് കടന്ന പ്രതിയെ ഒൻപതാം നാളിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

അന്നത്തെ ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ എം.പി. ആസാദാണ് കുറ്റപത്രം സമർപ്പിച്ചത്.

കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ വിചാരണ വളരെ വേഗത്തിലാണ് പൂർത്തിയാക്കിയത്.

67 സാക്ഷി മൊഴികളും, 42 ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയായിരുന്നു കുറ്റപത്രം.

കേസിൽ 67 സാക്ഷികളാണുണ്ടായിരുന്നത്. രക്തസാമ്പിൾ, സംഭവ സമയത്ത് പ്രതി ധരിച്ച വസ്ത്രം, ബാഗ്, ടോർച്ച്, പീഡനം നടന്ന സ്ഥലത്തു നിന്ന് കിട്ടിയ തലമുടി, 20, 50 രൂപയുടെ നോട്ടുകൾ, സി.സി ടി.വി ദൃശ്യങ്ങളുടെ വീഡിയോ ഫയൽ തുടങ്ങി 40ലധികം വസ്തുക്കൾ, കുട്ടി ഹോസ്ദുർഗ് മജിസ്‌ട്രേറ്റിന് നൽകിയ മൊഴി, വില്ലേജ് ഓഫീസറുടെ സൈറ്റ് പ്ലാൻ തുടങ്ങി 15ലധികം രേഖകൾ എന്നിവ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു.