വൃദ്ധപിതാവിന് ക്രൂര മർദ്ദനം : ഇരട്ട മക്കൾ അറസ്റ്റിൽ

Tuesday 26 August 2025 2:32 AM IST

ചേർത്തല: വൃദ്ധ പിതാവിനെ തലക്കടിച്ചും കഴുത്തു ഞെരിച്ചും ക്രൂരമായി ആക്രമിച്ച

ഇരട്ടകളായ മക്കൾ അറസ്റ്റിൽ. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കായിപ്പളളിച്ചിറ ചന്ദ്രനിവാസിൽ അഖിൽ ചന്ദ്രൻ (30), നിഖിൽ ചന്ദ്രൻ(30) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 10.40 ഓടെയായിരുന്നു അമ്മയുടെ സാന്നിദ്ധ്യത്തിൽ പിതാവിനെ മർദ്ദിച്ചത്.അഖിൽ ചന്ദ്രനാണ് കിടപ്പു രോഗിയായ ചന്ദ്രശേഖരൻ നായരെ (75)​ മർദ്ദിച്ചത്. തലക്കടിച്ചും പിടിച്ചുലച്ചും കഴുത്തു ഞെരിച്ചുമായിരുന്നു അക്രമം. ഇതിനെല്ലാം നിർദ്ദേശങ്ങൾ നൽകി നിഖിൽ ചന്ദ്രൻ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. ഇരുവരും മാതാപിതാക്കൾക്കൊപ്പം ഒരേ വീട്ടിലാണ് താമസം. മ‌ർദ്ദനത്തിൽ നിന്ന് പിന്തിരിപ്പിക്കാതെ രംഗം ചിത്രീകരിച്ചതിനാണ് നിഖിൽ ചന്ദ്രനെ രണ്ടാം പ്രതിയാക്കി പട്ടണക്കാട് പൊലീസ് കേസെടുത്തത്. അക്രമത്തിനിടെ ഇരുവരും സന്തോഷം പങ്കു വയ്ക്കുകയും ചെയ്യുന്നുണ്ട്.

അക്രമ ദൃശ്യങ്ങൾ മൂത്ത സഹോദരനും സുഹൃത്തുക്കൾക്കും ഇവർ അയച്ചു കൊടുത്തു.

ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമത്തിലൂടെ പ്രചരിച്ചതോടെ ഇരുവരും ഒളിവിൽ പോവുകയായിരുന്നു.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചേർത്തല ഭാഗത്ത് നിന്ന് ഇരുവരെയും ഉച്ചയോടെ പിടി കൂടി. മൂന്നു വർഷമായി നിരന്തരം പിതാവിനെ മർദ്ദിച്ചിരുന്ന ഇവർക്കെതിരെ 2023 ൽ പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. മദ്യപിച്ചെത്തുന്ന ഇരുവരും മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവാണ്. മാതാപിതാക്കളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതടക്കം അഞ്ചു വകുപ്പുകൾ ചുമത്തിയാണ് കേസെന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് ചേർത്തല കോടതിയിൽ ഹാജരാക്കും.