കരാർ ലംഘനം; ഫ്ലാറ്റ് പിടിച്ചെടുത്ത് കൈമാറി

Tuesday 26 August 2025 2:44 AM IST

കൊച്ചി: കരാർ കാലയളവിൽ നിർമ്മാണം പൂർത്തിയാക്കാതിരുന്ന ഫ്ലാറ്റ് ബിൽഡറിൽനിന്ന് പിടിച്ചെടുത്ത് ഉടമകൾക്ക് കൈമാറി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി (കെ–റെറ). രാജാജി റോഡിലെ നിർമ്മാണ കമ്പനി എളംകുളം ചിലവന്നൂരിൽ നിർമ്മിച്ച ഗ്യാലക്സി ബ്രിജ്‌വുഡ് അപ്പാർട്മെന്റാണ് പിടിച്ചെടുത്തത്.

പരാതിക്കാർ11വർഷം മുമ്പ് ബുക്കുചെയ്ത ഫ്ലാറ്റും പാർക്കിംഗ് സ്ഥലവുമാണിത്. നിർമ്മാതാവ് കരാർ ലംഘനം നടത്തിയെന്നും നിർദിഷ്ടസമയത്ത് ഫ്ലാറ്റ് പൂർത്തീകരിച്ചു നൽകിയില്ലെന്നുമുള്ള തൃശൂർ മുളങ്ങു സ്വദേശിനി രമ്യ രവീന്ദ്രൻ, ഭർത്താവ് അഞ്ചൽ സ്വദേശി എം.ആർ.ഹരികുമാർ എന്നിവരുടെ പരാതിയെ തുടർന്നാണ് നടപടി.റെറ നൽകിയ ഉത്തരവുകൾ തുടർച്ചയായി പാലിക്കാതിരിക്കുകയും ഫ്ലാറ്റ് നിർമ്മാണം അനന്തമായി നീട്ടിക്കൊണ്ടുപോവുകയും ചെയ്തതതാണ് ഏറ്റെടുക്കലിന് ഉത്തരവിട്ടത്. 21നാണ് റെറ ഏറ്റെടുത്തത്. ബിൽഡറോട് ഫ്ലാറ്റിന്റെ താക്കോൽ നേരിട്ടുകൈമാറാൻ ആവശ്യപ്പെട്ടെങ്കിലും എത്താതിരുന്നതിനെ തുടർന്നു വാതിലിന്റെ പൂട്ടുതകർത്ത് നടപടി പൂർത്തിയാക്കുകയായിരുന്നു. പിടിച്ചെടുത്ത ഫ്ലാറ്റിൽ ബിൽഡർ പ്ലാസ്റ്ററിംഗ് ജോലികൾപോലും നടത്തിയിട്ടില്ലെന്ന പരിശോധനയിലാണ് ഉദ്യോഗസ്ഥർ റെറയ്ക്കു റിപ്പോർട്ട് നൽകിയത്.നിർമ്മാണ കാലയളവു കണക്കാക്കി പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവും ബിൽഡർ പാലിച്ചിരുന്നില്ല.

അപ്പാർട്ട്മെന്റിന്റെ എട്ടാംനിലയിലെ 3ബെഡ്റൂം ഫ്ലാറ്റ് 2014ലാണ് പരാതിക്കാർ ബുക്കുചെയ്തത്. വാഗ്ദാനംചെയ്ത എല്ലാ സൗകര്യങ്ങളും സഹിതം 2017ൽ പൂർത്തീകരിച്ചു കൈമാറുമെന്നായിരുന്നു കരാർ.ബിൽഡർ റെറ അപ്പലേറ്റ് അതോറിട്ടിയേയും ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഉടമകൾക്ക് അനുകൂലമായ വിധിയാണുണ്ടായത്.