റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ്
കൊച്ചി: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടന് (ഹിരൺദാസ് മുരളി) എതിരെ വീണ്ടും ലൈംഗികാതിക്രമ കേസ്. ഗവേഷക വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. കേരളത്തിന് പുറത്തു താമസിക്കുന്ന മലയാളി വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് ഇ-മെയിലിൽ നൽകിയ പരാതിയിലാണിത്. 2020 ഡിസംബറിലാണ് സംഭവം നടന്നത്.
ആദിവാസി ഗോത്ര വിഭാഗങ്ങളുടെ സംഗീതത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് പരാതിക്കാരി വേടനെ ബന്ധപ്പെട്ടത്. വേടന്റെ നിർദ്ദേശപ്രകാരം വിവരങ്ങൾ ശേഖരിക്കാൻ എറണാകുളത്ത് എത്തിയ വിദ്യാർത്ഥിനിയെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെട്ടെന്നും പരാതിയിലുണ്ട്.
മുൻകൂർ ജാമ്യഹർജി: നാളെ വിധി
വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വേടന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി നാളെ ഉത്തരവ് പുറപ്പെടുവിക്കും. വേടന്റെ ഹർജിയെ പരാതിക്കാരി ശക്തമായി എതിർത്തു. വിഷാദം കാരണമാണ് പരാതി നൽകാൻ വൈകിയതെന്ന് ഹർജിക്കാരി പറഞ്ഞു. എന്നാൽ ഈ സമയത്തൊക്കെ ജോലിക്ക് പോയിരുന്നോ എന്ന് കോടതി ആരാഞ്ഞു. ഹർജിക്കാരന് പലരുമായും സ്നേഹബന്ധമുണ്ടോ എന്നും ചോദിച്ചു. പരാതിക്കാരിയുമായുള്ള ബന്ധം മുറിഞ്ഞശേഷം മാത്രമാണ് മറ്റ് ബന്ധം ഉണ്ടായതെന്ന് വേടന്റെ അഭിഭാഷകൻ വിശദീകരിച്ചു.