പാമോലിൻ ക്രമക്കേട് കണ്ടെത്തിയ പ്രഗത്ഭൻ
തിരുവനന്തപുരം: ഉദ്യോഗസ്ഥ തലത്തിൽ പ്രഗത്ഭനായിരുന്നു ഇന്നലെ അന്തരിച്ച മുൻ അക്കൗണ്ടന്റ് ജനറൽ ജയിംസ് കെ. ജോസഫ്. ജയിംസ് കെ. ജോസഫ് അക്കൗണ്ടന്റ് ജനറൽ ആയിരുന്നപ്പോഴാണ് കോളിളക്കം സൃഷ്ടിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഭരണകാലത്തെ പാമോലിൻ ഇടപാടിലെ ക്രമക്കേട് കണ്ടത്തിയത്. കേരള കൗമുദിയാണ് പാമോലിൻ കുംഭകോണം പുറത്തു കൊണ്ടു വന്നത്. കരുണാകരന്റെ രാജിയ്‌ക്ക് കാരണമായതും ഈ റിപ്പോർട്ടായിരുന്നു.
ഇന്നും പാമോലിൻ അഴിമതി ചർച്ചയാകുമ്പോൾ ജയിംസ് ജോസഫിന്റെ പേരും പരമാർശിക്കാറുണ്ട്. കർക്കശ നിലപാടാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്. കേരളത്തിന് പുറമേ മഹാരാഷ്ട്ര,തമിഴ്നാട് സംസ്ഥാനങ്ങളിലെ കൺട്രോൾ ആൻഡ് ഓഡിറ്റ് ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. സി.ഇ.ടിയിൽ നിന്ന് എൻജിനീയറിംഗും പാസായിരുന്നു.
കെ.എസ്.ആർ.ടി.സി എം.ഡി ആയിരുന്നപ്പോൾ വകുപ്പിൽ ഒട്ടേറ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഒരിക്കൽ ഏജീസ് ഓഫീസിലെത്തിയപ്പോൾ കണ്ട ആളില്ലാ കസേരകളെ അദ്ദേഹം കവിതയാക്കി. തുടർന്ന് നമ്മുടെ ഓഫീസ് ഇങ്ങനെയാണോ ആകേണ്ടതെന്ന് ചോദിച്ച് ഓരോ ജീവനക്കാരനും കത്തയച്ചു. അത് നോട്ടീസ് ബോർഡിലുമിട്ടു.
അദ്ദേഹത്തിന്റെ പരിശ്രമത്തിൽ കെട്ടിക്കിടന്ന നിരവധി ഫയലുകൾ തീർപ്പാക്കി. അത് അന്ന് സർക്കാർ സംവിധാനത്തിൽ പുതിയ അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു. മുൻ മന്ത്രി ബേബി ജോണിന്റെ മരുമകനെന്നതിൽ കവിഞ്ഞ് അദ്ദേഹത്തിന് വലിയ രാഷ്ട്രീയ ബന്ധങ്ങളുണ്ടായിരുന്നു. പൊൻകുന്നം കരിക്കാട്ടുക്കുന്നേൽ എന്ന വലിയ കുടുംബത്തിലെ അംഗമാണ്.
സഹപ്രവർത്തകനായിരുന്ന അൽഫോൻസ് കണ്ണന്താനവുമായി ചേർന്ന് സ്‌കൂൾ ആരംഭിച്ചെങ്കിലും ഇടയ്‌ക്ക് ജയിംസ് കെ. ജോസഫ് അതിൽ നിന്ന് പിന്മാറി. 13 സഹോദരങ്ങളും അദ്ദേഹത്തിനുണ്ട്.
ജയിംസ് കെ. ജോസഫിന്റെ സഹോദരങ്ങൾ: ഈപ്പൻ ജോസഫ് (ടൈറ്റാനിയം മുൻ എം.ഡി), പ്രൊഫ ടോം ജോസഫ് (റിട്ട. സെന്റ് സേവ്യഴ്സ് കോളേജ്), സിറിയക്ക് ജോസഫ് (ബിസിനസ്), ലീല പോൾ (യു.എസ്.എ), ഡോ. അമ്മിണി ജോസഫ് (യു.എസ്.എ), അച്ചാമാ ചാക്കോ (യു.എസ്.എ), തങ്കമ്മ ജോസ് (യു.എസ്.എ), ചാച്ചുമ്മ ക്രിസ്റ്റി (റിട്ട. അദ്ധ്യാപക ഡൽഹി), റാണി ജോർജ് (യു.എസ്.എ), പരേതയായ റീറ്റ ബിനോയ് (യു.എസ്.എ), ബീനാ ജോസഫ് (ബംഗളൂരു), ഡോ. മിനി മൈക്കിൾ (യു.എസ്.എ), മഞ്ജു ജിമ്മി (സിഡ്ണി, ഓസ്ട്രേലിയ). മുൻ രാഷ്ട്രപതിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ് സഹോദരീ ഭർത്താവാണ്.