മുങ്ങിയ കപ്പലിലെ ഇന്ധനം വീണ്ടെടുത്ത് തുടങ്ങി
കൊല്ലം: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്ക് കപ്പൽ എം.എസ്.സി എൽസ 3യിലുള്ള ഇന്ധനം മാറ്റിത്തുടങ്ങി.സാൽവേജ് ഓപ്പറേഷൻ കപ്പലായ സതേൺ നോവയിലെ ഒഴിഞ്ഞ ടാങ്കിലേക്ക് പൈപ്പുഗയോഗിച്ചാണ് ഇന്ധനം മാറ്റുന്നത്.
കപ്പൽ മുങ്ങിയിട്ട് മൂന്ന് മാസമായതിനാൽ ഇന്ധനം തണുത്തുറഞ്ഞിട്ടുണ്ട്.ചെറിയയളവിൽ ദ്രാവകാവസ്ഥയിലവശേഷിച്ചിരുന്ന ഇന്ധനമേ ഇതുവരെ മാറ്റാൻ കഴിഞ്ഞിട്ടുള്ളു.കപ്പലിൽ ഏകദേശം 350 ടൺ ഹെവി ഫ്യൂയൽ ഉണ്ട്.ഇന്ധനം വലിയയളവിൽ ലഭിച്ച് തുടങ്ങിയാൽ ടഗ്ഗിൽ കൊല്ലം പോർട്ടിൽ സംഭരിക്കും.തണുത്തുറഞ്ഞ ഇന്ധനം ദ്രാവകാവസ്ഥയിലാക്കാൻ ഇന്ധന ടാങ്കിന്റെ പുറംഭാഗം ചെറുതായി ചൂടാക്കാനുള്ള ശ്രമം ഇന്നലെ ആരംഭിച്ചു.ഇന്ധനം പൂർണമായും വീണ്ടെടുക്കാൻ കഴിഞ്ഞാൽ അടുത്തഘട്ടമായി കണ്ടെയ്നറുകൾ നീക്കാനും ആലോചനയുണ്ട്.ആദ്യം ടി.ആൻഡ് ടി എന്ന കമ്പനിയെയാണ് സാൽവേജ് ഓപ്പറേഷന് നിയോഗിച്ചത്.ഇവർ ഒഴിവായതോടെയാണ് മെർക്കിന് കരാർ നൽകിയത്.
വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട ഫീഡർ ചരക്ക് കപ്പലായ എൽസ 3 മേയ് 24ന് അപകടത്തിൽപ്പെടുകയും തീപിടിത്തമുണ്ടാവുകയുമായിരുന്നു.പിറ്റേന്ന് രാവിലെ മുങ്ങുകയുമായിരുന്നു.കപ്പലിൽ കാത്സ്യം കാർബൈഡുൾപ്പെടെയുള്ള രാസവസ്തുക്കളുള്ള കണ്ടെയ്‌നറുകളുമുണ്ട്. സമയബന്ധിതമായി ഇവ വീണ്ടെടുത്ത് മലിനീകരണം പരമാവധി കുറയ്ക്കണമെന്ന് ഷിപ്പിംഗ് മന്ത്രാലയം കപ്പൽ കമ്പനിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
60 ഓളം കണ്ടെയ്നറുകൾ കടലിൽ ഒഴുകി
കപ്പലിൽ 800 കോടിയുടെ ചരക്ക്
കപ്പൽ ആലപ്പുഴ തോട്ടപ്പള്ളിക്കടുത്ത് 14 നോട്ടിക്കൽ മൈൽ അകലെ