സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും, നാല് ജില്ലകൾക്ക് യെല്ലോ അലർട്ട്

Tuesday 26 August 2025 7:01 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴ ലഭിക്കുന്നത് കണക്കിലെടുത്ത് ഇന്ന് നാല് ജില്ലകൾക്ക് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് ജാഗ്രതാ നിർദേശമുള്ളത്.

27/08/2025 : ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

28/08/2025 : തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

29/08/2025 : തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാദ്ധ്യത നിലനിൽക്കുന്നു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്. മൂന്ന് മണിക്കൂറിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കൂടാതെ, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ഓഗസ്റ്റ് 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.