ആരും ഇതുവരെ പരാതി നൽകിയില്ല, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Tuesday 26 August 2025 8:21 AM IST

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. നേതാക്കളെ വിളിച്ച് രാഹുൽ നിലപാട് അറിയിച്ചുവെന്നാണ് വിവരം. ആരും തനിക്കെതിരെ നേരിട്ടോ അല്ലാതെയോ പരാതി നൽകിയിട്ടില്ല. അന്വേഷണ ഏജൻസികൾക്ക് മുൻപാകെയോ മാദ്ധ്യമങ്ങളിലോ പരാതി നൽകിയിട്ടില്ല. അതിനാൽതന്നെ തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നാണ് രാഹുലിന്റെ വാദം. അതേസമയം, രാഹുൽ തന്നെ വിഷയം പൊതുജനമദ്ധ്യത്തിൽ വിശദീകരിക്കട്ടെയെന്ന നിലപാടിലാണ് നേതൃത്വം. രാഹുൽ ഇന്ന് മാദ്ധ്യമങ്ങളെ കാണുമെന്നും വിവരമുണ്ട്.

രാഹുൽ എംഎൽഎ സ്ഥാനം രാജിവച്ചേ മതിയാവൂ എന്ന കടുത്ത നിലപാടിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ​​​​​​ഉറച്ചുനിന്നെങ്കിലും നടപടി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള സസ്പെൻഷനിൽ ഒതുങ്ങിയിരിക്കുകയാണ്. വനിതാനേതാക്കളുടെ പ്രതിഷേധങ്ങളും ഫലം കണ്ടില്ല. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കി എന്ന സമാശ്വാസത്തിലാണ് കെ.പി.സി.സി നേതൃത്വം.

എംഎൽഎയായി തുടരാമെങ്കിലും രാഹുലിന് പാർലമെന്ററി പാർട്ടി അംഗത്വമുണ്ടാവില്ല. അടുത്ത നിയമസഭ സമ്മേളനം നടക്കുമ്പോൾ, അവധി എടുപ്പിക്കാനാണ് സാദ്ധ്യത. ഇരിപ്പിടം മാറ്റാൻ സ്പീക്കർക്ക് കത്ത് നൽകുന്നത് യു.ഡി.എഫ് തീരുമാനിക്കും. രാഹുലിന് പരസ്യമായി കവചം തീർത്ത ഷാഫിപറമ്പിൽ എം.പിയുടെയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥിന്റെയും ഇടപെടലും ഹൈക്കമാൻഡിന്റെ മൃദുസമീപനവുമാണ് നടപടി സസ്പെൻഷനിൽ ഒതുങ്ങാൻ കാരണമെന്ന് സൂചന. എംഎൽഎ സ്ഥാനം രാജി വച്ചാൽ ഉപതിരഞ്ഞെടുപ്പ് വന്നേക്കാമെന്ന നിയമോപദേശം ചൂണ്ടിക്കാട്ടിയാണ് ഷാഫിയും വിഷ്ണുനാഥും എ.ഐ.സി.സി നേതൃത്വത്തെ തങ്ങളുടെ പാതയിലേക്കു കൊണ്ടുവന്നത്.