പ്രവാസികൾക്ക് വൻ അവസരം; ഒമാൻ ഗോൾഡൻ വിസക്കായി അപേക്ഷിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

Tuesday 26 August 2025 11:07 AM IST

മസ്‌കറ്റ്: ഗോൾഡൻ വിസ നൽകുന്ന ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ ഇനി ഒമാനും. ഓഗസ്റ്റ് അവസാനത്തോടെയാണ് സുൽത്താനേറ്റിന്റെ കൊമേഴ്‌സ്, ഇൻഡസ്ട്രി, ഇൻവെസ്റ്റ്‌മെന്റ് മന്ത്രാലയം ഗോൾഡൻ വിസ പുറത്തിറക്കുന്നത്. ഗോൾഡൻ വിസയ്ക്ക് പുറമെ ഒമാനി കമ്പനികൾക്ക് ഇൻസെന്റീവുകൾ നൽകുന്ന മജീദ് കമ്പനീസ് പദ്ധതിയും സർക്കാർ നടപ്പിലാക്കുന്നുണ്ട്. ‘ഇൻവെസ്റ്റ് ഒമാൻ’ പ്ലാറ്റ്‌ഫോം വഴി വാണിജ്യ രജിസ്ട്രേഷൻ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള ഇലക്ട്രോണിക് ഓതന്റിക്കേഷൻ സർവീസും രാജ്യം നടപ്പിലാക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുക എന്നതാണ് പദ്ധതികൾക്ക് പിന്നിൽ.

നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന അപേക്ഷകർക്ക് അഞ്ച്, പത്ത് വർഷം എന്നിങ്ങനെയുള്ള വിഭാഗത്തിൽ റിയൽ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപം, ദീർഘകാല ബാങ്ക് നിക്ഷേപങ്ങൾ എന്നിവയിലൂടെ രണ്ട് നിക്ഷേപ റെസിഡൻസി പ്രോഗ്രാമുകളാണ് ഒമാൻ വാഗ്ദാനം ചെയ്യുന്നത്. 'ഇൻവെസ്റ്റ് ഒമാൻ' ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയാണ് ഒമാനിലെ ദീർഘകാല റെസിഡൻസിക്കായുള്ള ഗോൾഡൻ വിസയ്ക്കായി അപേക്ഷിക്കേണ്ടത്. രണ്ട് തലങ്ങളിലായാണ് അപേക്ഷ നൽകേണ്ടത്.

ടയർ 1അപേക്ഷിക്കാൻ നിക്ഷേപകർ ഇവയിലേതെങ്കിലും ചെയ്യേണ്ടതുണ്ട്:

  • ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയിലോ, പബ്ലിക് ജോയിന്റ്-സ്റ്റോക്ക് കമ്പനിയിലോ, ഗവൺമെന്റ് ബോണ്ടുകളിലോ 500,000 റിയാലിൽ കുറയാത്ത നിക്ഷേപം നടത്തുക.
  • സുൽത്താനേറ്റിൽ 500,000 ഒമാനി റിയാലിൽ കുറയാത്ത മൂല്യമുള്ള ഒരു വസ്തു വാങ്ങുക.
  • കുറഞ്ഞത് 50 ഒമാനി പൗരന്മാരെ നിയമിക്കുന്ന ഒരു കമ്പനി സ്ഥാപിക്കുക.

ടയർ 1 എക്സ്റ്റൻഡഡ് റെസിഡൻസി പെർമിറ്റിന്റെ സാധുത 10 വർഷമാണ്. കാലാവധി നീട്ടാൻ സാധിക്കും. ടയർ 1 കാർഡ് ലഭിക്കുന്നതിനായി 551 ഒമാനി റിയാൽ ഫീസ് ഒടുക്കണം.

ടയർ 2

  • ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയിലോ പബ്ലിക് ജോയിന്റ്-സ്റ്റോക്ക് കമ്പനിയിലോ 250,000 ഒമാനി റിയാലിൽ കുറയാത്ത നിക്ഷേപം നടത്തുക.

  • സുൽത്താനേറ്റിൽ 250,000 ഒമാനി റിയാലിൽ കുറയാത്ത മൂല്യമുള്ള ഒരു വസ്തു വാങ്ങുക.

  • ഒമാനിലെ ടയർ 2 എക്സ്റ്റെൻഡഡ് റെസിഡൻസി പെർമിറ്റിന്റെ സാധുത അഞ്ച് വർഷമാണ്. കാലാവധി നീട്ടാൻ സാധിക്കും. കാർഡ് ലഭിക്കുന്നതിനുള്ള ഫീസ് 326 ഒമാനി റിയാലാണ്.

    ഒമാനിൽ താമസിക്കുന്ന പ്രവാസി തൊഴിലാളികൾ ഇവിടെത്തന്നെ വിരമിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ പ്രതിമാസം 4000 ഒമാനി റിയാലിൽ കുറയാത്ത സ്ഥിര വരുമാനത്തിന്റെ തെളിവ് നൽകി എക്സ്റ്റെൻഡഡ് റെസിഡൻസ് പെർമിറ്റിനായി അപേക്ഷിക്കാം.