വരുമാനം ലക്ഷങ്ങൾ കടന്ന് മുന്നോട്ട്, കെഎസ്ആർടിസിയുടെ പുതിയ ഐഡിയ ഹിറ്റാകുന്നു

Tuesday 26 August 2025 11:18 AM IST

കൊല്ലം: കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ഇതര വരുമാനമായ കൊറിയർ, പാഴ്സൽ സർവീസ്, ഡ്രൈവിംഗ് സ്‌കൂൾ, ബസ് സ്റ്റേഷനുകളിൽ ലീസിന് നൽകിയ ഷോപ്പുകൾ തുടങ്ങിയവയിൽ നിന്ന് ജില്ലയിൽ മികച്ച നേട്ടം. രണ്ട് വർഷം മുമ്പ് ജില്ലയിൽ ആരംഭിച്ച കൊറിയർ, പാഴ്സൽ സർവീസാണ് മുന്നിൽ. കൊല്ലം ഡിപ്പോയിൽ പ്രതിദിനം 15,000 രൂപയും മറ്റ് ഡിപ്പോകളിൽ 5000 രൂപയുമാണ് ശരാശരി കൊറിയർ വരുമാനം.

കഴിഞ്ഞ വർഷം ചടയമംഗലം ഡിപ്പോയിൽ ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളിലെ പരിശീലനത്തിലൂടെ 59 പേർ ഹെവി ലൈസൻസെടുത്തു. 21 പേർക്ക് ഇരുചക്ര, ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസും ലഭിച്ചു. 19.30 ലക്ഷമാണ് ആഗസ്റ്റ് വരെ സ്‌കൂളിൽ നിന്ന് ലഭിച്ച വരുമാനം.

ചെറിയ കവർ മുതൽ പരമാവധി 15 കിലോ വരെ കൊറിയർ അയയ്ക്കാം. ഒരു കിലോ മുതൽ 120 കിലോവരെ പാഴ്‌സലായിട്ടാണ് അയയ്ക്കാനാവുന്നത്. വസ്തുവിന്റെ ഭാരവും ദൂരവും കണക്കാക്കി 30 മുതൽ 245 രൂപ വരെയാണ് കൊറിയർ സർവീസ് നിരക്ക്. അഞ്ചുകിലോ വരെയുള്ളവ 200 കിലോമീറ്ററിനുള്ളിൽ പാഴ്സൽ അയയ്ക്കാൻ 110 രൂപയും 800 കിലോമീറ്ററിന് 430 രൂപയുമാണ്. 105 മുതൽ 120 കിലോ വരെയുള്ള സാധനങ്ങൾ അയയ്ക്കാൻ 200 കിലോമീറ്ററിനുള്ളിൽ 619.20 രൂപയും 800 കിലോമീറ്ററിനുള്ളിൽ 2491.20 രൂപയുമാണ്.

മുന്നിൽ കൊറിയർ, പാഴ്സൽ

 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും

 ജില്ലയിലെ പ്രതിമാസ വരുമാനം 9 ലക്ഷം

 സേവനം കൊല്ലം, കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി ഡിപ്പോകളിൽ

ഡ്രൈവിംഗ് സ്കൂൾ

ഭാരവാഹന പരിശീലനം

₹ 9,000

ഇരുചക്ര, ലൈറ്റ് മോട്ടോർ വാഹനങ്ങൾ

₹ 11,000

ഇരുചക്ര വാഹനങ്ങൾ മാത്രം

₹ 3,500

പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക്

ഫീസിളവ്-20%

വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങൾ, വൈദ്യുതി ഉപകരണങ്ങൾ എന്നിവയാണ് കൂടുതലും കൊറിയറായി അയയ്ക്കുന്നത്.

അരുൺ, മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ്