ഇവിടത്തെ ഹരിതകർമസേനക്കാർക്ക് ഓണം കളറാക്കാം; ഓണക്കോടി മാത്രമല്ല നല്ലൊരു തുക ബോണസായും ലഭിക്കും

Tuesday 26 August 2025 12:05 PM IST

തൃക്കരിപ്പൂർ: വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഇത്തവണ ഓണക്കോടിയും പതിനായിരം രൂപ ബോണസ്സും ലഭിക്കും. സർക്കാർ ഉത്തരവ് പ്രകാരമുള്ള തുകയും, ഹരിത കർമ്മസേന കൺസോർഷ്യം നൽകുന്ന തുകയും, തരംതിരിച്ചു നൽകിയ അജൈവ മാലിന്യങ്ങൾക്ക് 2025 ഏപ്രിൽ മുതൽ ലഭിച്ച മൂന്നര ലക്ഷം രൂപയും അഗതി, ആശ്രയ, അതിദരിദ്രർ, അങ്കണവാടി എന്നിവരുടെ യൂസർഫിയായി ഗ്രാമപഞ്ചായത്ത് നൽകുന്ന തുകയും ചേർത്താണ് പതിനായിരം രൂപ നൽകുന്നത്.

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യ ശേഖരണ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ഗ്രാമപഞ്ചായത്തിലെ 42 ഹരിത കർമ്മ സേന അംഗങ്ങൾക്കും ഓണക്കോടിയും പതിനായിരം രൂപ ബോണസും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ചു.

തുടർന്ന് ഗ്രാമപഞ്ചായത്തുമായി കരാറിലേർപ്പെട്ട്, അജൈവമാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുന്ന മഹയൂബ വേസ്റ്റ് മാനേജ്‌മന്റ് നൽകുന്ന ഓണക്കോടി ഹരിത കർമ്മ സേന അംഗങ്ങൾക്ക് വി.കെ ബാവ സമ്മാനിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.കെ ഹാഷിം, എം. സൗദ, സത്താർ വടക്കുമ്പാട്, കെ.വി കാർത്യായനി, ഇ. ശശിധരൻ, യു.പി. ഫായിസ്, എം. രജീഷ് ബാബു, മഹയൂബ വേസ്റ്റ് മാനേജ്‌മന്റ് പ്രതിനിധി കൃപ കൃഷ്ണൻ, നവകേരളം മിഷൻ റിസോഴ്സ് പേഴ്‌സൺ പി.വി ദേവരാജൻ, അസിസ്റ്റന്റ് സെക്രട്ടറി സി.ബി ജോർജ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എസ്.കെ പ്രസൂൺ, രജിഷ കൃഷ്ണൻ, മറ്റു വാർഡ് മെമ്പർമാർ, സി.ഡി.എസ്ചെയർപേഴ്സൺ എം മാലതി, ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികളായ വി.വി രാജശ്രീ, കെ. ഷീന എന്നിവർ പങ്കെടുത്തു.