'മിമിക്രിയാണെങ്കിലോ? ശബ്ദ‌രേഖ രാഹുൽ മാങ്കൂട്ടത്തിലിന്റേത് ആണെന്ന് തെളിയിക്കണം'; കെ മുരളീധരൻ

Tuesday 26 August 2025 12:50 PM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ കഴമ്പില്ലെങ്കിൽ സസ്‌പെൻഷൻ പിൻവലിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പുറത്തുവന്ന ശബ്‌ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ പാർട്ടി നടപടിയെടുത്തത്. ഈ സന്ദേശം മിമിക്രിക്കാരെ വച്ച് ചെയിപ്പിച്ചതാണോ ഒറിജിനൽ ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അത് പൊലീസും കോടതിയുമാണ് ചെയ്യേണ്ടതെന്നും കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് എംഎൽഎ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങൾക്ക് ഉണ്ടാകില്ല. അവിടെ എംപി ഷാഫി പറമ്പിലുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

'രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആക്ഷേപങ്ങൾ കോടതിയിലോ പൊലീസിലോ പരാതിയായി ഉയരുമെങ്കിൽ അന്നത്തെ സാഹചര്യം അനുസരിച്ച് പാർട്ടി തീരുമാനമെടുക്കും. പുകമറയാണെങ്കിൽ സസ്‌പെൻഷൻ അവസാനിപ്പിക്കും. രണ്ടുപേർക്കും അവരുടെ നിലപാട് പറയാനുള്ള സമയം ഉണ്ട്. വിഷയത്തിൽ പാർട്ടിക്ക് ആരും പരാതി തന്നിട്ടില്ല. അതുകൊണ്ട് പാർട്ടി അന്വേഷിക്കേണ്ട ആവശ്യമില്ല. കുറ്റം ചാർത്തപ്പെട്ട വ്യക്തി കുറ്റവാളിയാണെന്ന് പറയാൻ സാദ്ധ്യമല്ല. അത് കോടതി തീരുമാനിക്കേണ്ടതാണ്.

രാഹുൽ നിരപരാധിയാണെങ്കിൽ അദ്ദേഹത്തിന് അത് തെളിയിക്കാനുള്ള അവസരമുണ്ട്. അതുകൊണ്ടാണ് പാർട്ടി സസ്‌പെൻഷനിൽ ഒതുക്കിയിരിക്കുന്നത്. പുറത്തുവന്ന ശബ്ദ‌രേഖ രാഹുൽ മാങ്കൂട്ടത്തിലിന്റേത് തന്നെ ആണെന്ന് തെളിയിക്കപ്പെടണം. രാഹുൽ നിഷേധിച്ചിട്ടില്ല.അതുകൊണ്ട് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്. കടകംപള്ളി സുരേന്ദ്രന്റേതടക്കം ഒരുപാട് ശബ്ദരേഖകൾ പുറത്തുവന്നു. അതിലൊന്നും ആധികാരികതയില്ല. എല്ലാത്തിനോടുമുള്ള തുറന്ന സമീപനമാണ് പാർട്ടിക്കുള്ളത്'- കെ മുരളീധരൻ പറഞ്ഞു.