രാഹുലിനെതിരെ ഒരു പെൺകുട്ടി എന്നോട് പരാതി പറഞ്ഞിരുന്നു; ഇക്കാര്യം തുറന്നുപറയാത്തതിന് കാരണമുണ്ടെന്ന് അഖിൽ മാരാർ

Tuesday 26 August 2025 12:55 PM IST

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരായി ഉയർന്ന ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ. രാഹുലിനെതിരെ മുമ്പും ഇത്തരം പരാതികൾ താൻ കേട്ടിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

'എന്തുകൊണ്ട് അഖിൽ മാരാർ വിഷയത്തിൽ പ്രതികരിച്ചില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. ഞാൻ പല വിഷയങ്ങൾക്കും അഭിപ്രായം പറയാറുണ്ട്. ചില വിഷയങ്ങൾ ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാൻ വേണ്ടിയുള്ളതാണ്. ചിലത് സത്യത്തെ വളച്ചൊടിച്ചുള്ളവയും. അത്തരം സമയങ്ങളിലാണ് ഞാൻ എന്റെ ചിന്തകൾ പങ്കുവയ്ക്കാറ്. അല്ലാതെ എല്ലാ വിഷയങ്ങൾക്കും മറുപടി പറയാറില്ല. രാഹുൽ മാങ്കൂട്ടത്തിൽ മെസേജ് അയക്കുന്നതിനെപ്പറ്റി എന്നോടും ചിലർ പറഞ്ഞിട്ടുണ്ട്. ഒരാൾ മെസേജ് അയക്കുന്നത് ഈ രാജ്യത്ത് നിയമപരമായി തെറ്റല്ലാത്തതിനാൽ ആ വിഷയം ഞാൻ കേട്ട് കളഞ്ഞു.

പക്ഷേ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളവരുണ്ട്. പുള്ളി എന്താണ് ഉദ്ദേശിക്കുന്നതെന്നുള്ള സംശയങ്ങളൊക്കെവച്ചുകൊണ്ടാണ് ഒന്നിലധികം ആളുകൾ പറഞ്ഞത്. ബിഗ് ബോസിന്റെ ഓഡീഷൻ സമയത്ത് ചില പെൺകുട്ടികൾക്ക് പ്രശ്നമുണ്ടായതായി ഞാൻ പറഞ്ഞത് ബിഗ് ബോസിൽ സ്ത്രീകൾ പോകുന്നത് കിടന്നുകൊടുത്തിട്ടെന്ന രീതിയിൽ അതിനെ വളച്ചൊടിച്ചു. കുറച്ച് കുട്ടികൾക്ക് മോശമായ അനുഭവമുണ്ടായെന്നാണ് ഞാൻ പറഞ്ഞത്.

അതുപോലെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നുണ്ട്, അയാളുടെ സ്വഭാവം ശരിയല്ലെന്ന് ഞാൻ പറഞ്ഞാൽ സ്വാഭാവികമായും നിങ്ങൾ പറയും രാഹുലിനോടുള്ള അസൂയ കൊണ്ടാണെന്ന്. വളർന്നുവരുന്ന ചെറുപ്പക്കാരെനെ എന്തിന് തകർക്കാൻ നോക്കുന്നതെന്നും നിങ്ങൾ ചോദിക്കും. അതുകൊണ്ടുതന്നെ നിയമപരമായി ഒരു പെൺകുട്ടിയും കേസിന് പോകാത്തിടത്തോളം കാലം ഇതൊന്നും പൊതു മദ്ധ്യത്തിൽ ചർച്ച ചെയ്തിട്ട് വലിയ കാര്യമൊന്നുമില്ല.

നിയമപരമായി ആരും പോയിട്ടില്ലെങ്കിൽപ്പോലും കോൺഗ്രസ് ഏറ്റവും മഹത്തായ തീരുമാനമെടുത്ത സമയത്ത് അവരെ അഭിനന്ദിക്കുകയല്ലാതെ മറ്റൊന്നും ഇതിൽ പറയാനില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന പദവി കേരളത്തിലെ ഏതൊരു യുവ നേതാവിനെ സംബന്ധിച്ചും സ്വപ്നതുല്യമായ സ്ഥാനമാണ്. ആ പദവിയുടെ വലിപ്പം മനസിലാക്കി, അല്ലെങ്കിൽ എം എൽ എയാകാൻ വേണ്ടി വർഷങ്ങളായി ആഗ്രഹിച്ച്, മത്സരിക്കാൻ പോലുമാകാതെ പോയ എത്രയോ നേതാക്കന്മാർ നമ്മുടെ നാട്ടിലുണ്ട്. അങ്ങനെയിരിക്കെ വളരെ ചെറിയ പ്രായത്തിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായ ആളാണ് രാഹുൽ. എനിക്കുതന്നെ വ്യക്തിപരമായി അറിയാവുന്ന നിരവധി യൂത്ത് കോൺഗ്രസിന്റെ നേതാക്കന്മാരേക്കാളും മുകളിൽ രാഹുലിന് എത്തിച്ചേരാനായത് സംസാരിക്കാനുള്ള കഴിവും ആർജ്ജവത്തോടുകൂടി ഇടതുപക്ഷത്തെ ആക്രമിക്കാനുള്ള കഴിവും കൊണ്ടായിരുന്നു. രാഹുൽ ഉയരങ്ങളിലേക്ക് പോയത് രാഹുലിന്റെ കഴിവുകൊണ്ടും അതേ ഉയരത്തിൽ നിന്ന് താഴേക്ക് വീണത് രാഹുലിന്റെ കഴുവേറിത്തരം കൊണ്ടുമാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. കുറഞ്ഞപക്ഷം താനിരിക്കുന്ന പദവിയുടെ വലിപ്പം മനസിലാക്കി, ഭാവി സാദ്ധ്യതകൾ മനസിലാക്കി, വളർന്നുമുന്നോട്ടുപോയിക്കഴിഞ്ഞാൽ കേരളത്തിൽ മന്ത്രി, മുഖ്യമന്ത്രിയൊക്കെ ഭാവിയിൽ ആകാൻ സാദ്ധ്യതയുള്ള സ്ഥാനത്തുനിന്ന്, പടുമരണം എന്നൊക്കെ പറയുമ്പോലെ സംഭവിച്ചു. എതിരാളികൾ ആക്രമിച്ചത് അല്ലെങ്കിൽ ശത്രുക്കൾ പിന്നിൽ നിന്ന് കുത്തിയതാണ് വീഴാൻ കാരണമെന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് രാഹുൽ ഒരു നിമിഷം ചിന്തിക്കണമായിരുന്നു.

തന്റെ സ്വഭാവ ദൂഷ്യം, അത് നിയമപരമായി കുറ്റമാണോയെന്ന് ചോദിച്ചാൽ നിയമപരമായി കുറ്റമൊന്നുമല്ല. രാഹുലിനെ വിമർശിക്കാൻ യോഗ്യതയുള്ള എത്രപേർ കേരളത്തിലുണ്ടെന്ന് ചോദിച്ചുകഴിഞ്ഞാൽ ഒരു രാഷ്ട്രീയ പാർട്ടിയിലുള്ളയാൾക്കും ഹൃദയത്തിൽ തട്ടി വിമർശിക്കാൻ പറ്റണമെന്നില്ല. എപ്പോഴൊക്കെയോ നമ്മളൊക്കെ നമ്മളോട് അടുപ്പമുള്ളയാളുകളോട് തുറന്നുസംസാരിക്കുന്ന സമീപനം കാണിച്ചിട്ടുണ്ട്. അതല്ലായിരുന്നു ഇവിടത്തെ പ്രശ്നം. തന്റെ പദവി മനസിലാക്കാതെ, സ്ത്രീകളെ ശരീരം മാത്രമായി കണ്ട് പെരുമാറാൻ ശ്രമിച്ചതാണ് രാഹുലിന് പറ്റിയ തെറ്റ്. ഇവിടെ കാതലായ ഒരു ചോദ്യമുണ്ട്. ഒരു ജനപ്രതിനിധിയെന്ന നിലയിൽ ഏതൊരു വീട്ടിലേക്കും അവന് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്. തന്റെ രക്ഷകനായി വീട്ടിലേക്ക് വരുന്ന എം എൽ എ, അല്ലെങ്കിൽ നേതാവ് ഈ വീട്ടിൽ വന്നുകയറി ഭാര്യ, അമ്മ, മകൾ ഇവരോടൊക്കെ പെരുമാറുന്ന രീതി എപ്രകാരമാണെന്ന് സംശയം പൊതുജനങ്ങൾക്കുണ്ടായി. ഇതാണ്‌ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് പ്രസ്ഥാനം ഇത്രയും ധീരമായ നടപടി സ്വീകരിക്കാൻ കാരണം.'- അദ്ദേഹം പറഞ്ഞു.