'സസ്‌പെൻഷൻ കോൺഗ്രസിന്റെയും രാഹുലിന്റെയും ഒത്തുകളിയാണ്, ശിക്ഷയായി ഇതിനെ കാണാനാവില്ല'

Tuesday 26 August 2025 2:13 PM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തത് ഒത്തുകളിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലിന്റെ തെറ്റുകൾക്കുള്ള ശിക്ഷയായി ഇതിനെ കാണാനാവില്ലെന്നും മലയാളികളെ പറ്റിക്കാനുള്ള ഒത്തുകളിയാണെന്നുമാണ് ശിവൻകുട്ടി കുറിച്ചത്. കോൺഗ്രസിന് വേണ്ടാത്ത ആളെയാണോ പാലക്കാട്ടെ ജനങ്ങളുടെ മേൽ കെട്ടിയേൽപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തത് കോൺഗ്രസും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള മലയാളികളെ പറ്റിക്കാനുള്ള ഒത്തുകളിയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ തെറ്റുകൾക്കുള്ള ശിക്ഷയായി ഇതിനെ കാണാനാവില്ല. പാലക്കാട് എം.എൽ.എയെ കോൺഗ്രസ്‌ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുകയാണ്. കോൺഗ്രസിന് വേണ്ടാത്ത ആളെയാണോ പാലക്കാട്ടെ ജനങ്ങളുടെ മേൽ കെട്ടിയേൽപ്പിക്കുന്നത്‌.

രാഹുൽ മാങ്കൂട്ടത്തലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണ് ന്യായമായ നടപടി. ഒപ്പം എംഎൽഎ സ്ഥാനം രാജിവെപ്പിക്കണം. പാലക്കാട്ടെ ജനങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നയിക്കുന്ന ഒരു ക്രിമിനൽ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ട്.സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ അവരാണ്. ഉമ തോമസ് എംഎൽഎ അടക്കമുള്ള സ്വന്തം സംഘടനയിലുള്ളവർക്കെതിരെ അസഭ്യവർഷം നടത്തുന്നത് അവരാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കാത്ത മറ്റൊരു കാരണം പാലക്കാട് ഉപതിരഞ്ഞെടുപ്പിനെ കോൺഗ്രസ് ഭയക്കുന്നതാണ്.