'സിപിഎം കോഴിഫാം'; ക്ലിഫ് ഹൗസിന് മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിന് മുന്നിൽ 'സിപിഎം കോഴിഫാം' എന്നെഴുതിയ ബോർഡ് സ്ഥാപിച്ചു. പിണറായി വിജയൻ, എം മുകേഷ്, പി ശശി, കടകംപള്ളി സുരേന്ദ്രൻ, കെബി ഗണേഷ് കുമാർ, തോമസ് ഐസക്ക്, ശ്രീരാമകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെട്ടതാണ് ബോർഡ്.
കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന് മുന്നിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പോസ്റ്റർ പതിച്ചിരുന്നു. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. എന്നാൽ, ബാരിക്കേഡിന് മുകളിലും പ്രവർത്തകർ സിപിഎം കോഴിഫാം എന്നെഴുതിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കവെ, സിപിഎം കോഴിഫാമാണെന്ന് വിഡി സതീശൻ പറഞ്ഞിരുന്നു.