'രാഹുലിനോടും പ്രശാന്ത് ശിവനോടും അവന്തികയ്ക്ക് ക്രഷായിരുന്നു, പലരിൽ നിന്നും പണം വാങ്ങി'

Tuesday 26 August 2025 3:26 PM IST

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച അവന്തികയ്‌ക്കെതിരെ വിമർശനവുമായി ട്രാൻസ്‌ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന രംഗത്ത്. അവന്തിക രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ യാതൊരുവിധ വാസ്തവവുമില്ല. രാഷ്ട്രീയപരമായ ഗൂഢാലോചന നടന്നിട്ടുണ്ട്. അവന്തിക റീച്ച് കിട്ടാൻ വേണ്ടിയാണ് ഇത് ചെയ്തതെന്ന് അടുപ്പമുള്ളവരുമായി സംസാരിച്ചപ്പോൾ മനസിലായെന്നും അന്ന കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

'രാഹുൽ മാങ്കൂട്ടത്തിലിനോട് അവന്തികയ്ക്ക് ക്രഷായിരുന്നുവെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനോടും അവന്തികയ്ക്ക് ക്രഷായിരുന്നു. ജോലി തെറിപ്പിക്കുമെന്നും കേസുകൊടുക്കുമെന്നും പറഞ്ഞ് അവന്തിക പലരിൽ നിന്നായി പണം തട്ടിയെടുത്തിട്ടുണ്ട്. 50,000 രൂപ വാങ്ങി പല കേസുകളും ഒതുക്കിയത് എനിക്കറിയാം. നാല് വർഷങ്ങൾക്ക് മുമ്പ് കോട്ടയം ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ അവന്തിക നാല് കേസുകൾ കൊടുത്തിട്ടുണ്ട്. ഇതിൽ രണ്ട് കേസുകളിലാണ് പണം വാങ്ങിയത്. രാഹുലിനെ തേജോവധം ചെയ്യാനാണ് ആരോപണം ഉന്നയിച്ചത്'- അന്ന പറഞ്ഞു.

രാഹുലിനെതിരെ ഗുരുതര ആരോപണമാണ് അവന്തിക ഉന്നയിച്ചത്. രാഹുൽ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞതായും അവന്തിക വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദിലും ബംഗളൂരുവിലും പോകണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും അവന്തിക വെളിപ്പെടുത്തിയിരുന്നു.