അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, സുഹൃത്തിനായി തെരച്ചിൽ
Tuesday 26 August 2025 4:28 PM IST
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കല്ലറക്കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിലൊരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. കൂടെയുണ്ടായിരുന്ന നബീലിനായി തെരച്ചിൽ തുടരുന്നു. നബീലും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.
അജീപ് -സരീന ദമ്പതികളുടെ ഏക മകനാണ് അജ്സൽ അജി. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കുട്ടിയാണ് അജ്സൽ. സംഘമായി ഇവിടേക്ക് എത്തിയതായിരുന്നു വിദ്യാർത്ഥികൾ. ഫോട്ടോയും റീലുകളുമെടുക്കാനായിട്ടായിരുന്നു കുട്ടികളെത്തിയത്.
ഒരു വിദ്യാർത്ഥി കാൽവഴുതി ഒഴുക്കിൽപ്പെട്ടു. മറ്റേയാൾ രക്ഷിക്കാൻ ശ്രമിക്കവേയാണ് അപകടത്തിൽപ്പെട്ടത്. ഒന്നരമണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് അജ്സലിന്റെ മൃതദേഹം കണ്ടെത്തിയത്. കല്ലറക്കടവിൽ ഇതിനുമുമ്പുമ അപകടമുണ്ടായിട്ടുണ്ട്.