'ഞാനിപ്പോൾ ജയിലിലാണ് ഉള്ളത്, ഇതാണ് ചെയ്ത തെറ്റ്'; വീഡിയോയുമായി മനാഫ്‌

Tuesday 26 August 2025 4:56 PM IST

ധർമസ്ഥലയിലെ വെളിപ്പെടുത്തലുകൾ വ്യാജമാണെന്ന് വാർത്തകൾ വന്നിരുന്നു. വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്ത മനാഫ് ഒളിവിലാണെന്നും പിന്നാലെ ചില വാർത്തകൾ വന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ മനാഫ് ഇപ്പോൾ.

'ഞാനിപ്പോൾ ജയിലിലാണ് ഉള്ളത്. കുറച്ചുദിവസങ്ങളായി ഒരേ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നെ ജയിലിലാക്കാൻ വേണ്ടി കേരളത്തിൽ ഇപ്പോൾ കുറച്ച് മാദ്ധ്യമങ്ങൾ ഇറങ്ങിയിട്ടുണ്ട്. ജീവപര്യന്തം ആക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. പക്ഷേ കൊലക്കുറ്റത്തിന് തൂക്കിക്കൊല്ലാനാണ് വിധിച്ചത്. ഇപ്പോൾ ജയിലിലാണ്.

അൽജസീറയെ കൊണ്ടുവന്നത് ഞാനാണെന്നാണ് പറയുന്നത്. വിഷയത്തിൽ കോടിക്കണക്കിന് രൂപ എനിക്ക് വന്നിട്ടുണ്ടത്രേ. എവിടെനിന്നാണ് വന്നതെന്നൊന്നും അവർ പറയുന്നില്ല. എന്നെ കർണാടക പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ കൊണ്ടുപോയത്രേ. എന്തിനാണ് എന്നെ അറസ്റ്റ് ചെയ്യുന്നതെന്നാണ് ഞാൻ ആലോചിക്കുന്നത്. കേരളത്തിലുള്ളവരെ ഞാൻ ഈ വിഷയം അറിയിച്ചു. ഇത്രയും വലിയ കൂട്ടക്കൊലപാതകം ലോകത്തെ അറിയിച്ചെന്നതാണ് ഞാൻ ചെയ്ത തെറ്റ്. എനിക്ക് അമ്മമാരുടെ കണ്ണുനീർ കാണാൻ ആഗ്രഹമില്ല.

കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണം. ഈ തെറ്റിനാണ് ഞാൻ ഇപ്പോൾ ജയിലിലകപ്പെട്ടിരിക്കുന്നത്. ന്യായം കിട്ടണമെന്ന് ആഗ്രഹിച്ചതാണ് എന്റെ തെറ്റ്. അതുപോലെത്തന്നെ സുജാത ഭട്ട് എന്ന സ്ത്രീ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്നു. എല്ലാ സ്ഥലത്തുനിന്നും കിട്ടിയില്ലെങ്കിൽപ്പോലും ഒന്നു രണ്ട് സ്ഥലത്തുനിന്ന് കിട്ടിയ അസ്ഥികൾ മനുഷ്യന്റേതാണല്ലോ. അത് ആരുടേതാണ്.'- മനാഫ് ചോദിച്ചു.