സഞ്ജു തിളങ്ങിയിട്ടും കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തോല്‍വി; ടൈറ്റന്‍സിന്റെ ജയം അവസാന പന്തില്‍

Tuesday 26 August 2025 6:43 PM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആദ്യ തോല്‍വി വഴങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കെബിടി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ സിജോമോന്‍ ജോസഫ് നേടിയ ബൗണ്ടറിയുടെ കരുത്തിലാണ് തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റ് ജയവുമായി ആഘോഷിച്ചത്. തുടര്‍ച്ചയായി മൂന്ന് ജയങ്ങള്‍ നേടിയ ശേഷമാണ് കൊച്ചി തോല്‍വി വഴങ്ങിയത്. പോയിന്റ് പട്ടികയില്‍ ഇപ്പോഴും ഒന്നാമത് തുടരുകയാണ് ടൈഗേഴ്‌സ്.

വിജയലക്ഷ്യം പിന്തുടര്‍ന്ന തൃശൂരിനായി ഓപ്പണര്‍ അഹമ്മദ് ഇമ്രാന്‍ 40 പന്തുകളില്‍ നിന്ന് നാല് സിക്‌സറും ഏഴ് ബൗണ്ടറിയും സഹിതം 72 റണ്‍സ് നേടി. ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് 23 പന്തില്‍ 42 റണ്‍സും വിക്കറ്റ് കീപ്പര്‍ അര്‍ജുന്‍ എ.കെ 16 പന്തില്‍ 31 റണ്‍സും നേടി പുറത്താകാതെ നിന്നു. ആനന്ദ് കൃഷ്ണന്‍ 7(8), ഷോണ്‍ റോജര്‍ 8(8), വിഷ്ണു മേനോന്‍ 3(4), അക്ഷയ് മനോഹര്‍ 20(22) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. കൊച്ചിക്ക് വേണ്ടി ജെറിന്‍ പിഎസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കെഎം ആസിഫ്, അകിന്‍ സത്താര്‍, അഖില്‍ കെജി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊച്ചിക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ താരം സഞ്ജു വി സാംസണ്‍ പുറത്തെടുത്തത്. 46 പന്തുകളില്‍ നിന്ന് 89 റണ്‍സ് നേടിയ താരത്തിന്റെ മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് കൊച്ചി അടിച്ചെടുത്തത്. നാല് ബൗണ്ടറിയും ഒമ്പത് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. മുഹമ്മദ് ഷാനു 24(29) നിഖില്‍ തോട്ടത്ത് 18(11), വിനൂപ് മനോഹരന്‍ 5(7), ക്യാപ്റ്റന്‍ സാലി സാംസണ്‍ 16(6), ആല്‍ഫി ജോണ്‍ 22*(13) അഖില്‍ കെജി 8*(7) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.