ബാറിൽ സ്ത്രീകളുമായി തർക്കം യുവാവിനെ കടത്തിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഘം പൊലീസ് പിടിയിൽ
കൊച്ചി: യുവാവിനെ കടത്തിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി കിലോമീറ്ററുകൾക്കപ്പുറം ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഘം പൊലീസ് പിടിയിലായി. ആലുവ, പറവൂർ സ്വദേശികളാണ് നോർത്ത് പൊലീസിന്റെ കസ്റ്റഡിയിലായത്. ആലുവ സ്വദേശി അലിയാർ ഷാ സലീമിനെയാണ് കടത്തിക്കൊണ്ടുപോയത്. ഇയാളുടെ പരാതിയിലാണ് നടപടി. മൂവരുടെയും അറസ്റ്റ് പിന്നീട് ഉണ്ടായേക്കും.
ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനും സുഹൃത്തുക്കളും കടത്തിക്കൊണ്ടുപോയ സംഘവും രാത്രി നഗരത്തിലെ ബാറിൽവച്ച് വാക്കേറ്റമുണ്ടായിരുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വൈകാതെ പരാതിക്കാരനും സുഹൃത്തുക്കളും ബാറിൽനിന്ന് മടങ്ങി. എന്നാൽ വാക്കേറ്റമുണ്ടായതിന്റെ ദേഷ്യത്തിൽ പ്രതികൾ കാറിനെ പിന്തുടർന്നെത്തി. രാത്രി 11.45ഓടെ കലൂരിൽവച്ച് പ്രതികളുടെ കാർ റോഡിൽ വട്ടമിട്ട് യുവാവിനെ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ മുഖത്തും ദേഹത്തുമെല്ലാം മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് 27കാരന്റെ പരാതി. ഒപ്പമുള്ളവർ എത്തിയാലേ വിട്ടയക്കുകയുള്ളൂ എന്നായിരുന്നു ഭീഷണി. പിന്നീട് പരാതിക്കാരനെ ആലുവ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു.
തിങ്കളാഴ്ചയാണ് യുവാവ് നോർത്ത് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്. സി.സിടിവി ദൃശ്യത്തിൽ നിന്ന് കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. പ്രതികളുടെ പേര് പുറത്തുവിട്ടിട്ടില്ല.