തുള്ളിത്തിമിർത്തും ചിരിപ്പിച്ചും പെരുവയറൻ പുലികൾ !

Tuesday 26 August 2025 7:41 PM IST

തൃപ്പൂണിത്തുറ : കുടവയറിൽ കുലുങ്ങിയെത്തിയ പുലിവീരന്മാർ അത്താഘോഷത്തിൽ ചാടിവീണപ്പോൾ ആദ്യമൊന്നു പേടിച്ച കുട്ടികൾ പിന്നെ പൊട്ടിച്ചിരിച്ചു. അടുത്തെത്തിയ പുലികൾ പല്ലിറുമ്മിയതോടെ മേളം മുറുകി. കുട്ടികളും മുതിർന്നവരും ഒപ്പംകൂടി. പുലികളുമായി ചേർന്നുനിന്ന് സെൽഫിയെടുക്കാനും മത്സരമായി. തൃശൂരിൽ നിന്നാണ് 'വയറൻ" പുലികൾ കൂട്ടത്തോടെ എത്തിയത്. വിവിധ പ്രായത്തിലുള്ള 20 ഘടാഘടിയന്മാർ!.

20 മുതൽ 56 വയസ് വരെയുള്ളവർ പുലിവേഷം കെട്ടിയാടി. ഒറിജിനൽ പുലിയെ വെല്ലുന്ന വിധത്തിലായിരുന്നു പ്രകടനം.

പുലർച്ചെ നാലുമണിയോടെ പുലി വരവ് ആരംഭിച്ചു. ഇതിനായി മണിക്കൂറുകളോടെ അനങ്ങാതെ നിന്നു.

ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരുന്നു അത്താഘോഷം . പ്ലാസ്‌റ്റിക് കുപ്പികൾക്കും ഫ്ലെക്‌സുകൾക്കും ഘോഷയാത്രയിൽ നിരോധനമുണ്ടായിരുന്നു. സുരക്ഷയ്ക്ക് 500 ഓളം പൊലീസ് ഉദ്യോഗസ്ഥർ. താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സംഘം. ഫയർ ടെന്റുകളും കുടിവെള്ള വിതരണവും ഉണ്ടായിരുന്നു.

ഓരോ ദിവസത്തെയും പരിപാടികളിൽ ആയിരങ്ങൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.