കേരളത്തിലെ യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യം ഒടുവിൽ പരിഗണിച്ച് റെയിൽവെ, മാറ്റം സെപ്‌തംബർ ഒന്നുമുതൽ
തിരുവനന്തപുരം: കേരളത്തിലെ യാത്രക്കാരുടെ ഏറെനാളായുള്ള ആവശ്യത്തിൽ തീരുമാനമെടുത്ത് റെയിൽവെ. സെപ്തംബർ ഒന്ന് മുതൽ കൊല്ലം-താംബരം എക്‌സ്‌പ്രസ് ട്രെയിനിന്റെ സമയക്രമം മാറുന്നു.
യാത്രക്കാരുടെ ദീർഘകാല ആവശ്യമാണ് ഇതോടെ നടപ്പിലാകുന്നത്. ഉച്ചയ്ക്ക് 12 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പുലർച്ചെ 3.20 ന് തമിഴ്നാട്ടിലെ താംബരത്ത് എത്തിയിരുന്ന ട്രെയിൻ ഇനി മുതൽ വൈകിട്ട് നാലിന് പുറപ്പെട്ട് പുലർച്ചെ 7:30നാകും താംബരത്ത് എത്തുക.
എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ സമയമാറ്റം ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്റി അശ്വനി വൈഷ്ണവിന് നേരത്തെ കത്ത് നൽകിയിരുന്നു. കേരളത്തിൽ നിന്നുള്ള കൂടുതൽ യാത്രക്കാർക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ സമയക്രമം. താംബരത്തേക്കു മാറ്റിയതോടെ കോച്ചുകൾ കൂട്ടാനും കഴിയും. എഗ്മൂറിലെ പ്ലാറ്റ്ഫോം പ്രശ്നങ്ങൾ കാരണം മുൻപ് കോച്ചുകൾ കൂട്ടാനാവാത്ത സ്ഥിതിയുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങൾക്കാണ് വരുന്ന മാസത്തോടെ പരിഹാരമാകുന്നത്.
പുതിയ സമയക്രമം– കൊല്ലം–4.00, കുണ്ടറ–4.06, കൊട്ടാരക്കര–4.15, ആവണീശ്വരം–4.28, പുനലൂർ–4.55, തെൻമല–5.43, ആര്യങ്കാവ്–6.13, ചെങ്കോട്ട–7.10, മധുര–10.25, ഡിണ്ടിഗൽ–11.25, തിരുച്ചിറപ്പള്ളി–1.45, വില്ലുപുരം–4.40, താംബരം–7.30.