24.7 ലക്ഷം സ്‌കൂള്‍ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഗുണം കിട്ടം; വിതരണം നാല് കിലോ അരി വീതം

Tuesday 26 August 2025 8:20 PM IST

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ എന്റോള്‍ ചെയ്തിട്ടുള്ള പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള ഏകദേശം 24.7 ലക്ഷം കുട്ടികള്‍ക്ക്, ഓണത്തിന് മുന്നോടിയായി നാല് കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഓണത്തിന് സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള നാല് കിലോ ഗ്രാം അരിവിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

നമ്മുടെയെല്ലാം മനസ്സില്‍ സന്തോഷവും സമൃദ്ധിയും നിറയ്ക്കുന്ന ഓണം ഇതാ പടിവാതില്‍ക്കലെത്തി. ഇന്ന് നമ്മള്‍ ഇവിടെ തുടങ്ങിവെക്കുന്ന ഈ പദ്ധതി വെറുമൊരു ഔദാര്യമല്ല, മറിച്ച് നമ്മുടെ കുട്ടികളുടെ അവകാശമാണ്. ലോകം മുഴുവന്‍ ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ഐക്യരാഷ്ട്രസഭയും നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുമെല്ലാം ഭക്ഷണം ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് അടിവരയിട്ട് പറയുന്നു. ജീവിക്കാനുള്ള അവകാശത്തില്‍ ഭക്ഷണം എന്നത് ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്.

നമ്മുടെ രാജ്യത്ത് 'ഭക്ഷണം ഒരു മൗലികാവകാശമാണ്' എന്ന ആശയം സ്ഥാപിച്ചെടുക്കാന്‍ ഒരുപാട് പ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും നടന്നിട്ടുണ്ട്. അതിന്റെ ഫലമായിട്ടാണ് 2013-ല്‍ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം പാര്‍ലമെന്റ് പാസാക്കിയത്. ഈ നിയമം വഴി, ആറ് മുതല്‍ പതിനാല് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്ന സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് നിയമപരമായ പരിരക്ഷ ലഭിച്ചു.

വിദ്യാഭ്യാസം എന്നത് വെറും പാഠപുസ്തകങ്ങളില്‍ ഒതുങ്ങുന്ന ഒന്നല്ല. അത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെക്കൂടി ആശ്രയിച്ചിരിക്കുന്നു. വിശക്കുന്ന വയറുമായി ആര്‍ക്കും പഠിക്കാനാവില്ല. അതുകൊണ്ടുതന്നെ, കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം അവര്‍ക്ക് ആവശ്യമായ പോഷണവും ഉറപ്പാക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്.

ഈ ലക്ഷ്യത്തോടെ ഭക്ഷ്യ വകുപ്പിന്റെ സഹകരണത്തോടെ, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുഖേനയാണ് അരി വിതരണം ചെയ്യുന്നത്. 12,024 സ്‌കൂളുകളിലായി 9,910 മെട്രിക് ടണ്‍ അരിയാണ് ഇതിനായി വേണ്ടിവരുന്നത്. ഈ വലിയ ഉദ്യമം ഒരു ടീം വര്‍ക്കാണ്. സ്‌കൂള്‍ അധികൃതരും പി.ടി.എ., മദര്‍ പി.ടി.എ. കമ്മിറ്റികളും ഈ പദ്ധതിയുടെ വിജയത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

ഈ അരി വിതരണം വെറുമൊരു സര്‍ക്കാര്‍ പദ്ധതി മാത്രമല്ല, ഓരോ കുട്ടിക്കും ഈ സമൂഹത്തില്‍ ലഭിക്കേണ്ട പരിഗണനയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണ്. ഓരോ കുട്ടിക്കും സമൃദ്ധമായ ഒരു ഓണമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.