വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം, കുടുംബ കോടതി മുൻ ജഡ്ജി ഉദയകുമാറിന് സസ്പെൻഷൻ
കൊല്ലം: വിവാഹ മോചന കേസിൽ എത്തിയ സ്ത്രീയെ ചേംബറിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിൽ ജഡ്ജിയ്ക്ക് സസ്പെൻഷൻ. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി വി ഉദയകുമാറിനെയാണ് ഹൈക്കോടതി അഡ്മിൻ കമ്മിറ്റി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
മൂന്നു വനിതകൾ പരാതി നൽകിയതിനെത്തുടർന്ന് ഉദയകുമാറിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി (എ.സി) അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി രജിസ്ട്രാറാണ് (ജില്ല ജുഡിഷ്യറി) അന്വേഷണം നടത്തിയത്. തുടർന്ന് റിപ്പോർട്ട് നൽകിയതോടെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്.
ജഡ്ജിയുടെ ചേംബറിൽ മോശം അനുഭവം ഉണ്ടായെന്ന പരാതിയെത്തുടർന്ന് ഉദയകുമാറിനെ കൊല്ലം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിലേക്ക് (എം.എ.സി.ടി) ഓഗസ്റ്റ് 20ന് സ്ഥലം മാറ്റിയിരുന്നു. സംഭവത്തിന് പിന്നാലെ അഭിഭാഷകർ തന്നെ ജഡ്ജിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.