താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസപ്പെട്ടു, മരങ്ങളും പാറക്കല്ലുകളുമടക്കം റോഡിൽ

Tuesday 26 August 2025 10:00 PM IST

താമരശ്ശേരി: ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിനടുത്ത് മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് വീണ് ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി കല്ലും മരങ്ങളും നീക്കിത്തുടങ്ങി. കാൽനട യാത്ര പോലും സാദ്ധ്യമല്ലാത്ത സ്ഥലത്ത് ഒറ്റവരി ഗതാഗതത്തിനായി റോഡ് തയ്യാറാക്കാനാണ് ഇപ്പോൾ ശ്രമം. സംഭവത്തെ തുടർന്ന് വയനാട്ടിലേക്ക് ഇതുവഴിയുള്ള ഗതാഗതം നിന്നു. ചുരം പൂർണമായി അടച്ചു.

മണ്ണിടിച്ചിൽ സമയത്ത് ഇതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ടിപ്പർ ലോറികളും ജെ സി ബിയുമെത്തി മണ്ണ് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പൂർണ വിജയമായില്ല.ഇതോടെ ഇതുവഴി വരേണ്ട വാഹനങ്ങൾ കുറ്റിയാടി ചുരം വഴി തിരിച്ചുവിട്ടു.