20 രൂപയുടെ പാര്‍ലെ-ജി ബിസ്‌കറ്റിന് ഈ നാട്ടില്‍ വില 320 രൂപ; കാരണം പട്ടിണിയല്ല മറ്റൊന്നാണ്

Tuesday 26 August 2025 10:06 PM IST

ജീവിതത്തില്‍ ഒരിക്കലെങ്കിലും പാര്‍ലെ-ജി ബിസ്‌കറ്റ് കഴിക്കാത്ത ഇന്ത്യക്കാരുണ്ടാകില്ല. ഒട്ടുമിക്ക ഇന്ത്യക്കാരുടേയും പ്രിയപ്പെട്ട ബിസ്‌കറ്റ് കൂടിയാണിത്. വിലക്കുറവും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന സ്വാദുമാണ് പാര്‍ലെ-ജിയെ വിപണയില്‍ സജീവമാക്കി നിലനിര്‍ത്തുന്നത്. ഏറ്റവും തുച്ഛമായ വിലയാണ് മറ്റൊരു കാരണം. എന്നാല്‍ ഇപ്പോള്‍ ബിസ്‌കറ്റിന്റെ വില സംബന്ധിച്ച് പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍ക്കുന്ന പാര്‍ലെ-ജിയുടെ വിലയാണ് സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഇന്ത്യയില്‍ വെറും 20 രൂപയ്ക്ക് കിട്ടുന്ന ഒരു പാക്കറ്റ് ബിസ്‌കറ്റിന് സൂപ്പര്‍മാര്‍ക്കറ്റില്‍ ഈടാക്കുന്നത് 320 രൂപയാണ്. 'അവര്‍ അമേരിക്കന്‍ ഡ്രീംസ് വ്ളോഗ്സ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ട വിഡിയോയിലാണ് ഡാലസിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വില പുറത്തുവിട്ടത്. ഹിന്ദിയിലാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.

ബിസ്‌കറ്റിന് പുറമേ മറ്റ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും തീവിലയാണ്. ഉത്തരേന്ത്യയില്‍ നിരവധി ആളുകള്‍ ഉപയോഗിക്കുന്ന പരിപ്പ് ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് പൊള്ളിക്കുന്ന വിലയ്ക്ക് വില്‍ക്കുന്നത്. മസൂര്‍ ദാലിന് നാല് ഡോളര്‍ വരെയാണ് വില. പാര്‍ലെ-ജിക്ക് പുറമേ ഹൈഡ് ആന്റ് സീക്ക് ബിസ്‌കറ്റിനും ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്. ഇന്ത്യന്‍ ഉത്പ്പന്നങ്ങളായ തന്തൂരി മസാല. ബിരിയാണി മസാല, ബട്ടര്‍ ചിക്കന്‍ സോസ, ഗുഡ് ഡേ ബിസ്‌ക്കറ്റ് എന്നിവയ്ക്കും ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്.