അഴകിൽ നിറഞ്ഞ് ആറാടി അത്തം...
തൃപ്പൂണിത്തുറ : ചിങ്ങവെയിലിൽ തിളങ്ങിയ രാജനഗരിയിൽ ആർത്തിരമ്പിയ മേളപ്പെരുമഴയിൽ അഴകിൽ ആറാടി അത്തം. ആർപ്പുവിളികളോടെ ചാടിവീണ പുലിക്കൂട്ടങ്ങളും തെയ്യവും ചാമുണ്ഡിയുമെല്ലാം പൈതൃകത്തനിമകളുടെ നിറച്ചാർത്തുകളായി. പത്താം നാളിലെ പൊന്നോണം കഴിഞ്ഞും തുടരുന്ന ആഘോഷപ്പൂരത്തിനാണ് കൊടിയേറിയത്. ദിവസങ്ങൾക്കു മുമ്പേ ഉയർന്ന കേളികൊട്ടിനൊടുവിൽ ആഘോഷത്തിന്റെ ദിനരാത്രങ്ങൾക്കു തുടക്കമായി. വേണാട് മുതൽ മലബാർ വരെയുള്ള കലാരൂപങ്ങൾ അണിനിരന്ന വർണവൈവിദ്ധ്യങ്ങളും ജനപങ്കാളിത്തവും കൊണ്ട് ആകർഷകമായി. ഇത്തവണത്തെ ഹരിത പ്രോട്ടോകോൾ അനുസരിച്ചായിരുന്നു ആഘോഷം. ഭിന്നശേഷി വിഭാഗക്കാർക്ക് അവസരങ്ങളൊരുക്കിയും ശ്രദ്ധേയമായി. ഉയർന്ന ജനപങ്കാളിത്തവും ചിട്ടയായ സംഘാടനവും ആഘോഷത്തിന്റെ പൊലിമ കൂട്ടി.
തിങ്ങി നിറഞ്ഞ് ജനാവലി
രാവിലെ മുതൽ ആയിരങ്ങളാണ് രാജനഗരിയിൽ ഒഴുകിയെത്തിയത്. പുലർച്ചെ മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നെങ്കിലും മേളം മുറുകിയതോടെ വെയിൽ തെളിഞ്ഞു. പ്രദക്ഷിണ വഴികളിൽ ജനം തിങ്ങിനിറഞ്ഞു. പൊലീസ് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. പരിപാടികൾ കൃത്യസമയത്ത് ആരംഭിച്ചു.
അത്തപതാക ഉയർത്തി തുടക്കം കെ. ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി പി. രാജീവ് അത്തപതാക ഉയർത്തി. തുടർന്ന് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ച പ്രത്യേക പവിലിയനിലേക്ക് ജനപ്രതിനിധികൾ എത്തി. എല്ലാവരെയും അഭിനന്ദിച്ച് ജനപ്രതിനിധികൾ വേദിയിൽ എത്തിപ്പോൾ നഗരസഭാ അദ്ധ്യക്ഷ രമ സന്തോഷ് നെൽപ്പറ നിറച്ചു. മന്ത്രി രാജേഷ് നിലവിളക്ക് കൊളുത്തി. നടൻ ജയറാം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. മതസൗഹാർദ്ദ സന്ദേശമേകി ചെമ്പിൽ അരയൻ, നെട്ടൂർ തങ്ങൾ, കരിങ്ങാച്ചിറ കത്തനാർ എന്നിവരുടെ പ്രതിനിധികളും ഉണ്ടായിരുന്നു.
നിറപ്പകിട്ടിൽ ഘോഷയാത്ര
തൃപ്പൂണിത്തുറ റോയൽ ക്ലബ്ബിലെ കായിക താരങ്ങൾ അണിനിരന്ന വിളംബരയോട്ടമായിരുന്നു ഘോഷയാത്രയുടെ മുൻനിരയിൽ. തൊട്ടു പിന്നാലെ ഓലക്കുടയുമായി ഒന്നിലേറെ മഹാബലിമാർ. തിരുവാതിര, മാർഗംകളി, ഒപ്പന, കോൽ കളി, പരിചമുട്ട്, കാവടിയാട്ടം തുടങ്ങിയ കലാരൂപങ്ങളും അണിനിരന്നു. കഥകളി, തെയ്യം,തിറ തുടങ്ങിയ കലാകാരന്മാരുടെ സംഘവും, മായാവിയും, ഡാകിനിയും, കുട്ടൂസനും, ലുട്ടാപ്പിയും കാണികളെ രസിപ്പിച്ചുയ പ്രശസ്ത സിനിമാതാരങ്ങളുടെ രൂപങ്ങളും തെരുവിൽ എത്തിതോടെ എങ്ങും ആർപ്പോ വിളി ഉയർന്നു. ചങ്ങമ്പുഴയുടെ രമണനും പെഹൽഗാമും പ്രളയവും
അടക്കം 21 ദൃശ്യങ്ങൾ അടങ്ങിയ ടാബ്ലോയും ഘോഷയാത്രയിൽ ഇടംപിടിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 അധികം കലാകാരന്മാർ നൂറിലേറെ വ്യത്യസ്ത കലാരൂപങ്ങൾ അവതരിപ്പിച്ചു. ഘോഷയാത്ര രണ്ടു മണിയോടെ ബോയ്‌സ് ഹൈസ്‌കൂളിൽ സമാപിച്ചു.