മുന്നറിയിപ്പ് ബോർഡുകൾ കാടുപിടിച്ചു ; ജീവൻ കവർന്ന് കല്ലറക്കടവ്

Wednesday 27 August 2025 12:23 AM IST

പത്തനംതിട്ട : നിരവധി മരണച്ചുഴികളുള്ള കല്ലറക്കടവിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ കാടുപിടിച്ച നിലയിലാണ്. ഇവിടേക്ക് വിദ്യാർത്ഥികൾ അടക്കം നിരവധിയാളുകൾ കുളിക്കാനും ഫോട്ടോയെടുക്കാനും എത്താറുണ്ട്. ഇപ്പോൾ പത്ത് അടിയിലേറെ വെള്ളവും കനത്ത ഒഴുക്കുമുണ്ട്. ശക്തമായ ഒഴുക്കുള്ളപ്പോഴാണ് ആളുകൾ കൂടുതലായി എത്തുന്നത്. ഇവർ തടയണയിലേക്കും നദിയിലേക്കും ഇറങ്ങുന്നത് തടയാൻ സംരക്ഷണ വേലികൾ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.

ഇരുപത് വർഷത്തിനിടെ ഗർഭിണിയടക്കം പതിനഞ്ചിലധികം ആളുകൾ ഇവിടെ മുങ്ങി മരിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കാണാതായവരുടെ മൃതദേഹം ഒന്നുകിൽ വ്യാഴിക്കടവ്, താഴൂർക്കടവ്, കൈപ്പട്ടൂർ എന്നിവിടങ്ങളിൽ പൊങ്ങുകയാണ് പതിവ്. പതിനഞ്ച് ദിവസം കഴിഞ്ഞുമൃതദേഹം കിട്ടിയ സംഭവങ്ങളുമുണ്ട്. നദിയിലേക്ക് ഇറങ്ങുന്നത് തടയാൻ ശ്രമിക്കുന്ന നാട്ടുകാരുമായി തർക്കങ്ങളും കയ്യാങ്കളിയും ഉണ്ടാകാറുണ്ട്. പരാതിയെ തുടർന്ന് നഗരസഭയാണ് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. മൂന്ന് വർഷം മുൻപ് നഴ്സിംഗ് കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടപ്പോൾ ആളുകൾ ഇറങ്ങി രക്ഷിച്ചിരുന്നു. കടത്ത് ഉണ്ടായിരുന്ന സമയത്ത് ആളുകൾ കാൽ വഴുതി വീണപ്പോൾ കടത്തുകാരൻ രക്ഷപ്പെടുത്തിയിട്ടുമുണ്ട്. കുളിക്കാൻ വന്നവർ തോർത്തിട്ട് കൊടുത്ത് നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. പ്രദേശത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും ശക്തമാണ്‌.