അടവിയിൽ ഇന്ന് ജലോത്സവം, കുട്ടവഞ്ചികൾ കുതിക്കും
കോന്നി : കുട്ടവഞ്ചികൾ ആവേശത്തുഴയെറിയുന്ന അപൂർവ ജലോത്സവത്തിന് ഇന്ന് കോന്നിയിലെ അടവി വേദിയാകും. കരിയാട്ടം ടൂറിസം എക്സ്പോയുടെ ഭാഗമായി ഉച്ചയ്ക്ക് രണ്ടിനാണ് കല്ലാറ്റിലെ കോന്നി തണ്ണിത്തോട് അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കുട്ടവഞ്ചികളുടെ തുഴച്ചിൽ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനം കായികമന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും.
25 കുട്ടവഞ്ചികളാണ് മത്സരിക്കുക. അലങ്കരിച്ച കുട്ടവഞ്ചികളുടെ പ്രദർശന ജലഘോഷയാത്രയാണ് ആദ്യം നടക്കുക. തുടർന്ന് ടീമുകളായി തിരിച്ച് കുട്ടവഞ്ചികളുടെ തുഴച്ചിൽ മത്സരം ആരംഭിക്കും. മൂന്ന് ബാച്ചുകളിലായി നടക്കുന്ന മത്സരത്തിലൂടെ വിജയികളെ കണ്ടെത്തും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്യും.
സംസ്ഥാനത്തെ ജലാശയങ്ങളിൽ വള്ളംകളി ഉൾപ്പടെയുളള ജലമേളകൾ നടക്കാറുണ്ടെങ്കിലും കോന്നി കരിയാട്ടത്തിന്റെ ഭാഗമായി 2023ൽ ആണ് കേരളത്തിലെ ആദ്യ കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടന്നത്. അന്ന് കല്ലാറിന്റെ ഇരുകരകളിലും തടിച്ചുകൂടിയ വൻ ജനാവലി ആർപ്പുവിളികളോടെ നെഞ്ചേറ്റിയ മത്സരം കഴിഞ്ഞ വർഷം പ്രകൃതി ദുരന്തങ്ങളെ തുടർന്ന് നടത്താൻ കഴിഞ്ഞില്ല. ഇത്തവണത്തെ മത്സരം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിലൂടെയുള്ള ടൂറിസം വികസനം എന്ന കാഴ്ചപ്പാടിലാണ് അടവി ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നത്. ജില്ലയിലെ പരിസ്ഥിതി സൗഹൃദ ടൂറിസം കേന്ദ്രം എന്ന അംഗീകാരം അടവിക്ക് ലഭ്യമായിട്ടുണ്ട്.
25 കുട്ടവഞ്ചികൾ മത്സരിക്കും.
പരിസ്ഥിതി സൗഹൃദമായ ജലയാത്രയാണ് അടവി കുട്ടവഞ്ചി സവാരി. ആയിരകണക്കിന് ജനങ്ങൾ ജലോത്സവം കാണാൻ അടവിയിലെത്തുമെന്നാണ് സംഘാടക സമിതിയുടെ വിലയിരുത്തൽ. അടവിയിലേക്ക് വിദേശ ടൂറിസ്റ്റുകളെ അടക്കം എത്തിക്കാൻ കുട്ടവഞ്ചി തുഴച്ചിൽ മത്സരം സഹായിക്കും.
അഡ്വ.കെ.യു.ജനീഷ് കുമാർ.എം.എൽ.എ