നുരഞ്ഞുപതഞ്ഞ് നിറഞ്ഞൊഴുകി മീൻമുട്ടിപ്പാറ വെള്ളച്ചാട്ടം
മല്ലപ്പള്ളി : മല്ലപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന പാറത്തോട് മീൻമുട്ടിപ്പാറ വെള്ളച്ചാട്ടം സഞ്ചാരികളെ മാടിവിളിക്കുകയാണ്. നൂറുകണക്കിന് സഞ്ചാരികളാണ് വെള്ളച്ചാട്ടവും പ്രകൃതിഭംഗിയും ആസ്വദിക്കാൻ എത്തുന്നത്. മണിമലയാറ്റിലെ കുളത്തൂർമൂഴിയിൽ നിന്ന് തുടങ്ങി പടുതോട് അവസാനിക്കുന്ന പാറത്തോടിനും മീൻമൂട്ടി വെള്ളച്ചാട്ടത്തിനും ടൂറിസം മാപ്പിൽ കാര്യമായി ഇടംപിടിക്കാൻ കഴിഞ്ഞില്ലെങ്കിലും ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കാനാകുനുണ്ട്. വേനൽകാലത്ത് മീൻമുട്ടിപ്പാറ വറ്റി വരളുമെങ്കിലും മഴക്കാലത്ത് കാഴ്ച്ചയുടെ വസന്തമാണിവിടം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പത്തുവർഷം മുൻപ് മീൻ മുട്ടിപ്പാറയെ ഏറ്റെടുത്ത് വിപുലമായ പദ്ധതികൾ ആവിഷ്‌കരിക്കാൻ ശ്രമിച്ചിരുന്നു. വർഗീസ് പുന്നൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തലപ്പത്ത് ഇരുന്നപ്പോൾ ഇതിനായി പല പദ്ധതികളും ആവിഷ്‌കരിച്ചു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. വർഷത്തിൽ എട്ടുമാസം ഇവിടെ വെള്ളത്തിന്റെ ശക്തമായ ഒഴുകുണ്ട്. അതിനുശേഷം മണിമലയാറ്റിൽ നിന്ന് പാറത്തോട്ടിലേക്ക് വെള്ളം കയറ്റിവിടുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ടൂറിസം മേഖലയോടൊപ്പം ചെറുകിട ജലവൈദ്യുതി പദ്ധതികളും ആവിഷ്‌കരിച്ചിരുന്നു. എന്നാൽ ഒന്നും നടപ്പിലായില്ല. അവഗണനയുടെ നടുവിലാണെങ്കിലും സഞ്ചാരികൾ എത്തുന്ന ഇടമായി മീൻമുട്ടിപ്പാറ മാറി. ടൂറിസം വകുപ്പിന്റെ കാര്യമായ ഇടപ്പെടീൽ ഉണ്ടെങ്കിൽ മികച്ച ടൂറിസ്റ്റ് കേന്ദ്രമായി മീൻമുട്ടിപ്പാറയെ മാറ്റാൻ കഴിയും.