ഇന്ത്യയിൽ 70,000 കോടി രൂപ നിക്ഷേപിക്കാൻ സുസുക്കി

Wednesday 27 August 2025 12:28 AM IST

ആദ്യ ഇലക്ട്രിക് കാറായ ഇ വിറ്റാരയുടെ നിർമ്മാണം തുടങ്ങി

കൊച്ചി: അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 70,000 കോടി രൂപയുടെ(800 കോടി ഡോളർ) നിക്ഷേപത്തിനൊരുങ്ങി ജപ്പാനിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ സുസുക്കി മോട്ടോർസ്. വൈദ്യുതി വാഹന നിർമ്മാണത്തിൽ സുസുക്കി മോട്ടോർസിന്റെ ആഗോള ഹബായി ഇന്ത്യയെ മാറ്റുമെന്ന് മാരുതി സുസുക്കിയുടെ ചെയർമാൻ ആർ. സി ഭാർഗവ പറഞ്ഞു. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ വിറ്റാരയുടെ വാണിജ്യ ഉത്പാദനം ഇന്നലെ ഗുജറാത്തിലെ ഹൻസാൽപൂർ ബച്ചാരാജിയിലെ ഫാക്‌ടറിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തു. പ്രതിവർഷം 50,000 മുതൽ ഒരു ലക്ഷം വരെ വൈദ്യുതി വാഹനങ്ങൾ ഇന്ത്യയിൽ നിന്ന് കയറ്റി അയക്കാനാണ് ലക്ഷ്യമെന്ന് ആർ.സി ഭാർഗവ പറഞ്ഞു. നിലവിൽ നൂറിലധികം രാജ്യങ്ങളിലേക്കാണ് മാരുതി സുസുക്കി ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ കയറ്റി അയക്കുന്നത്. രാജ്യത്തെ കാർ വിപണിയിൽ മാരുതി സുസുക്കിയ്ക്ക് 40 ശതമാനം വിഹിതമാണുള്ളത്.