'നമ്മുടെ കേരളം - ഡിജിറ്റൽ കേരളം' പദ്ധതിക്ക് അനുമതി

Wednesday 27 August 2025 12:30 AM IST

എ.ഐ അധിഷ്‌ഠിത സേവനങ്ങൾക്ക് തുടക്കമാകുന്നു

തിരുവനന്തപുരം: ഡിജിറ്റൽ ഗവർണൻസിലെ തടസങ്ങൾ പരിഹരിച്ച് സർക്കാർ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന് 'നമ്മുടെ കേരളം ഡിജിറ്റൽ കേരള' പദ്ധതി നടപ്പാക്കുന്നു. പദ്ധതി നടപ്പാക്കുന്നതിനായി പ്രാഥമിക യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. എല്ലാ സേവനങ്ങളും പൗര കേന്ദ്രീകൃതമാക്കുകയാണ് ലക്ഷ്യം. കേരളത്തെ സമ്പൂർണ ഡിജിറ്റൽ ഭരണ മാതൃകയാക്കാനായി കാലക്രമം പാലിച്ച് പദ്ധതി നടപ്പാക്കണമെന്നും, നിർമ്മിത ബുദ്ധിയുടെ (എ.ഐ) സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൗരന്മാർക്ക് സർക്കാർ സേവനങ്ങൾ അതിവേഗം സുതാര്യമായി ലഭിക്കണം. എ.ഐ ഗൈഡൻസ് ആൻഡ് ഡിസിഷൻ സപ്പോർട്ട് മാത്രമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രത്യേകതകൾ

1.പരാതികൾ പരിഹരിക്കുന്നതിനും തത്സമയ വിവരങ്ങൾ അറിയുന്നതിനും സംവിധാനം

2. സേവന വിതരണത്തിന് എ.ഐ ഉൾപ്പെടെയുള്ള നൂതന മാർഗ്ഗങ്ങൾ

3. സാമൂഹ്യ സുരക്ഷ പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് ഏകീകൃത രജിസ്ട്രി ഉണ്ടാക്കും

4. ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന വിവിധ ആപ്ലിക്കേഷനുകളിൽ കാലോചിതമായ മാറ്റം

5. വകുപ്പുകൾ തമ്മിലുള്ള ഡാറ്റാ കൈമാറ്റത്തിലെ പാളിച്ചകൾ പരിഹരിക്കും

നാല് മേഖലകൾ

സേവന കേരളം, ഭാവി കേരളം, സദ്ഭരണ കേരളം, ജന കേരളം എന്നിങ്ങനെ നാല് മേഖലകൾ പദ്ധതിയിലുണ്ടാകും