വിജിലിനി വരില്ല കാത്തിരിപ്പ് തീരാ നോവായി
കോഴിക്കോട്: ആറ് വർഷം മുൻപ് കാണാതായ മകൻ എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു കോഴിക്കോട് വെസ്റ്റ് ഹിൽ ചുങ്കംവേളാത്തിപ്പടിക്കൽ വിജയനും ഭാര്യ വസന്തയും കാത്തിരുന്നത്. എന്നാൽ ഉറ്റ സുഹൃത്തുക്കൾ തന്നെ മകനെ ഇല്ലാതാക്കിയെന്ന സത്യം തിരിച്ചറിഞ്ഞതോടെ അവർ തരിച്ചിരുന്നു. സങ്കടം താങ്ങാനാകാതെ വിങ്ങിപ്പൊട്ടി. വീട്ടില്‍ പെരുമാറ്റ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതിരുന്ന വിജിൽ ലഹരിയ്ക്ക് അടിമയായിരുന്നുവെന്നത് ആ അച്ഛനും അമ്മയ്ക്കും ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. മകനേത്തേടി അവന്റെ ഉറ്റസുഹൃത്തുക്കളുടെ വീടുകൾ കയറിയിറങ്ങിയിട്ടും അവർ സത്യം മൂടിവെക്കുകയായിരുന്നതും ഉള്ളുലക്കുന്നതാണ്.
വിജയന്റെയും വസന്തയുടെയും രണ്ട് ആണ്‍മക്കളില്‍ ഇളയ ആളാണ് മരിച്ച വിജില്‍. പെട്ടെന്ന് വരാമെന്ന് പറഞ്ഞാണ് സംഭവ ദിവസം രാവിലെ 10 മണിയോടെ വിജിൽ വീട്ടിൽ നിന്നിറങ്ങിയത്. രാത്രിയായിട്ടും കാണാതായപ്പോള്‍ നിരവധി തവണ തവണ ഫോണില്‍ വിളിച്ചു. പിറ്റേന്ന് വിജിലിന്റെ ഫോണ്‍ ഓഫായി. പിന്നീട് രണ്ടു ദിവസം കൂടി അവര്‍ കാത്തിരുന്നു. പിന്നീട് പരാതി നൽകുകയായിരുന്നു. എലത്തൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും കൊവിഡ് അന്വേഷണം വഴിമുട്ടിച്ചു. അപ്പോഴും അച്ഛനും അമ്മയും സഹോദരൻ വിജിത്തും വിജിലിനെ അന്വേഷിച്ചുകൊണ്ടിരുന്നു. പലതവണ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി. ഈ കാലഘട്ടത്തിനിടെ അന്വേഷണ ഉദ്യോസ്ഥര്‍ പല തവണ സ്ഥലം മാറി പോയി, എന്നിട്ടും കുടുംബം പ്രതീക്ഷ കൈവിട്ടിരുന്നില്ല. വിജിലിനെ ചതുപ്പില്‍ താഴ്ത്തിയതായി ഇപ്പോള്‍ വെളിപ്പെടുത്തിയ സുഹൃത്തുക്കളുടെ വീട്ടിൽ ചെന്നടക്കം മകനെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് കുടുംബം സങ്കടത്തോടെ പറഞ്ഞു. എന്നാല്‍ സംഭവദിവസം വൈകീട്ടോടെ തങ്ങള്‍ പിരിഞ്ഞു പിന്നീട് കണ്ടില്ലെന്നാണ് അവര്‍ നല്‍കിയ മറുപടി എന്ന് അച്ഛന്‍ വിജയന്‍ പറയുന്നു. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ മകന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താൻ കഴിയുകയുള്ളൂ എന്നാണ് അവർ പറയുന്നത്.