ഓണവിപണി ലക്ഷ്യമിട്ട് പെരുമാട്ടി ചെണ്ടുമല്ലി പാടങ്ങൾ ഒരുങ്ങി

Wednesday 27 August 2025 1:51 AM IST
ഓണവിപണി ലക്ഷ്യം വച്ച് വിളവെടുപ്പിനു തയ്യാറായ പെരുമാട്ടി കൃഷിഭവൻ പരിധിയിലെ ചെണ്ടുമല്ലി പാടങ്ങൾ.

ചിറ്റൂർ: ഓണവിപണിയെ വരവേൽക്കാൻ പെരുമാട്ടിയിലെ ചെണ്ടുമല്ലി പാടങ്ങൾ ഒരുങ്ങി. പെരുമാട്ടി കൃഷിഭവൻ പരിധിയിലായി ഇത്തവണ ജനകീയ ആസൂത്രണം പദ്ധതിയിലൂടെ കർഷകർക്ക് 75% സബ്സിഡി നിരക്കിൽ 31,000 ചെണ്ടുമല്ലിത്തൈകൾ വിതരണം ചെയ്തിരുന്നു. ഓണം ലക്ഷ്യമാക്കി കർഷകർ വളരെ ശാസ്ത്രീയമായി കൃഷി ഇറക്കുകയും കൃത്യസമയത്ത് വിളവെടുപ്പ് ആരംഭിക്കാനും സാധിച്ചു. അത്തം മുതൽ ഇനിയുള്ള ഓണനാളുകളിൽ പെരുമാട്ടിയിലെ ചെണ്ടുമല്ലി പൂക്കൾ വിപണിയിൽ എത്തിയിട്ടുണ്ട്. കൃഷിഭവനിൽ നിന്നും ഹൈബ്രിഡ് ഇനങ്ങൾ ആയ മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങലുള്ള ചെണ്ടുമല്ലി തൈകളാണ് വിതരണം ചെയ്തിരുന്നത്. 2021-22 സാമ്പത്തിക വർഷം മുതൽ എല്ലാ സീസണിലും കൃഷിഭവൻതലത്തിൽ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു വരുന്നുണ്ട്. പെരുമാട്ടി കൃഷി ഓഫീസർ ശ്രീതു, അസി. കൃഷി ഓവീസർ അനിലി, കൃഷി അസിസ്റ്റന്റുമാരായ സബീന, സതീഷ് എന്നിവരുടെ ഇടപെടലുകളും മാർഗ്ഗ നിർദ്ദേശങ്ങളും ചെണ്ടുമല്ലി കർഷകർക്ക് പ്രോത്സാഹനം നൽകുന്നു. നിലവിൽ ഒരു കി.ഗ്രാം ചെണ്ടുമല്ലിക്ക് 100 മുതൽ 140 രൂപ വരെയാണ് ഓണവിപണി വില. ശങ്കരയിനം ചെണ്ടുമല്ലികൃഷിയിൽ ഹെക്ടറിന് 11 മുതൽ 25 ടൺ വരെ വിളവ് പ്രതീക്ഷിക്കുന്നുണ്ട്. ഒരു കിലേയ്ക്ക് കുറഞ്ഞത് നൂറ് രൂപ വീതം വില ലഭിച്ചാലും ടണ്ണിന് ഒരു ലക്ഷം രൂപ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കുറഞ്ഞത് 25 ടൺ ലഭിച്ചാൽ തന്നെ 25 ലക്ഷം രൂപ ലഭിക്കും. ഇതിൽ മൂന്നര മുതൽ 4 ലക്ഷം വരെ ഒരു ഹെക്ടറിന് ചിലവ് വരും. കർഷകർക്ക് 20 ലക്ഷം വരെ ആദായം ഉണ്ടാക്കാൻ കഴിയും. ഓണവിപണിയെ മാത്രം പ്രതീക്ഷിച്ചുള്ള കണക്കാണിത്.