അജിത്തിനെതിരായ ഉത്തരവിൽ ഹൈക്കോടതി, 'വിജിലൻസ് കോടതി സർക്കാരിന്റെ മുൻകൂർ അനുമതി തേടിയോ?'
കൊച്ചി: എ.ഡി.ജി.പിയും എക്‌സൈസ് കമ്മിഷണറുമായ എം.ആർ.അജിത്‌കുമാർ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി തുടർനടപടിക്ക് ഉത്തരവിട്ടത് സർക്കാരിന്റെ മുൻകൂർ അനുമതി തേടിയ ശേഷമാണോയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ ഇന്നുതന്നെ വിശദീകരണം നൽകാൻ ജസ്റ്റിസ് എ.ബദറുദ്ദീൻ നിർദ്ദേശിച്ചു. സർക്കാരിന്റെ നിലപാട് അറിഞ്ഞശേഷം ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി.
തനിക്ക് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളി തുടർനടപടിക്ക് ഉത്തരവിട്ട വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജിത്കുമാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി ആരോപണ പരാതിയിൽ തുടർനടപടി സ്വീകരിക്കുന്നതിനു മുമ്പ് സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന് അഴിമതി നിരോധന നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
വിജിലൻസ് കേസിൽ പ്രാഥമികാന്വേഷണത്തിന് പോലും സർക്കാരിന്റെ മുൻകൂർ അനുമതി വേണം. ഗുരുതരമായ ആരോപണമാണെന്ന് ബോദ്ധ്യമായാലും ഇക്കാര്യത്തിൽ നിയമപരമായേ നീങ്ങാനാകൂ. പരാതിക്കാരനോട് സർക്കാർ അനുമതി തേടാനായിരുന്നു വിജിലൻസ് കോടതി ഉത്തരവിടേണ്ടതെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.
സീനിയറിനെതിരെ ജൂനിയർ
അന്വേഷിച്ചാൽ മതിയോ
നെയ്യാറ്റിൻകര പി.നാഗരാജിന്റെ പരാതിയിൽ വിജിലൻസ് കോടതി തുടർനടപടിക്ക് ഉത്തരവിട്ടത് നിയമപരമല്ലെന്ന് അജിത്‌കുമാറിനായി ഹാജരായ സീനിയർ അഭിഭാഷകൻ ബി.രാമൻപിള്ള വാദിച്ചു. പി.വി.അൻവർ നൽകിയ പരാതിയിൽ നേരത്തേ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയതെന്നും വിശദീകരിച്ചു.
അന്വേഷണം നടത്തിയത് ജൂനിയർ ഉദ്യോഗസ്ഥനല്ലേയെന്ന് ഹൈക്കോടതി ആരാഞ്ഞു. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് അന്വേഷിച്ചതെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.
അതെങ്ങനെ ശരിയാകുമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണമുണ്ടെങ്കിൽ ചീഫ് ജസ്റ്റിസിനോ സുപ്രീംകോടതി ജഡ്ജിക്കോ അന്വേഷണം നടത്താം. പകരം രജിസ്ട്രാറെ അന്വേഷണം ഏൽപ്പിച്ചാൽ എങ്ങനെ ഉചിതമാകും. അതുപോലെയല്ലേ ഉന്നത ഉദ്യോഗസ്ഥനെതിരെ കീഴുദ്യോഗസ്ഥന്റെ അന്വേഷണമെന്നും കോടതി ആരാഞ്ഞു.