സി.പി.എം സ്ത്രീകളെ വേട്ടയാടുന്നു: സതീശൻ
കോഴിക്കോട്: സാമ്പത്തിക ബാദ്ധ്യതയുള്ളവരെ പരസ്യമായി അപമാനിക്കാൻ പൊതുയോഗം ചേരുന്ന പാർട്ടിയായി സി.പി.എം അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. തിരുവനന്തപുരം ആര്യനാട് പഞ്ചായത്തിൽ വലിയ ഭൂരിപക്ഷത്തിന് വിജയിച്ച ശ്രീജ എന്ന പഞ്ചായത്തംഗം ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു. അവർക്കെതിരെ 'കോട്ടയ്ക്കകത്തെ കുറുവാ സംഘം' എന്ന പേരിൽ സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി പരസ്യമായി അധിക്ഷേപിച്ചതിൽ മനംനൊന്താണ് ശ്രീജ ജീവനൊടുക്കിയത്. പാവപ്പെട്ട സ്ത്രീകളെ എന്തിനാണ് സി.പി.എം വേട്ടയാടുന്നത്? ശ്രീജയുടെ ഭർത്താവിന്റെയും മകളുടെയും മൊഴി എടുക്കാൻ പോലും പൊലീസ് തയ്യാറായില്ല. ശ്രീജയുടെ ആത്മഹത്യയിൽ ഉത്തരവാദികളായവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണം. ഹൃദയവേദനയോടെയാണ് ഒരു സഹപ്രവർത്തകനെതിരെ താൻ നടപടി എടുത്തത്, സ്ത്രീപക്ഷ നിലപാടാണ് പാർട്ടി എടുത്തിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
ജി.എസ്.ടി വകുപ്പിനെതിരെ വ്യാപക അഴിമതി ആരോപണം ഉയരുകയാണ്. കരിഓയിൽ കമ്പനിയിൽ നിന്ന് ഇടനിലക്കാരെ ഉപയോഗിച്ച് പണം പിരിച്ചു. സർക്കാരിലേക്ക് വരേണ്ട തുക ഇടനിലക്കാരെ വച്ച് കൊള്ള ചെയ്യുന്നുവെന്നും സതീശൻ ആരോപിച്ചു.