സി.പി.എം അക്രമം ജനാധിപത്യ വിരുദ്ധം: കെ.പി.സി.സി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് സി.പി.എം നടത്തിയ അക്രമം മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെ.പി.സി.സി നേതൃയോഗം. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗം അക്രമത്തിലും സുരക്ഷാ വീഴ്ചയിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഭരണപക്ഷത്തിന്റെ തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിക്കുകയെന്ന സുപ്രധാന ജനാധിപത്യ ദൗത്യമാണ് പ്രതിപക്ഷ നേതാവ് നിർവഹിക്കുന്നത്. പ്രതിപക്ഷ പ്രവർത്തനങ്ങളെ അക്രമത്തിലൂടെ ഇല്ലായ്മ ചെയ്യാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹമാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 29,30, 31 സെപ്റ്റംബർ ഒന്ന്,രണ്ട് തീയതികളിൽ ഭവന സന്ദർശനം നടത്തി തിരഞ്ഞെടുപ്പ് ചെലവിലേക്കുള്ള ഫണ്ട് സമാഹരണം നടത്താനും തീരുമാനിച്ചു. ആര്യനാട്ട് പഞ്ചായത്തംഗം ശ്രീജ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സി.പി.എം നേതാക്കൾക്കെതിരെ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.