യൂത്ത് കോൺ. അദ്ധ്യക്ഷൻ: സമവായത്തിന് നീക്കം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിവാദം ഏതാണ്ട് കെട്ടടിങ്ങിയതോടെ , യൂത്ത് കോൺഗ്രസിന് പുതിയ സംസ്ഥാന അദ്ധ്യക്ഷനെ കണ്ടെത്താൻ സമവായ നീക്കം. എ വിഭാഗം മുന്നോട്ടു വച്ച ഫോർമുലയുടെ അടിസ്ഥാനത്തിലാണ് ചർച്ചകൾ തുടരുന്നത്. നിലവിലെ വൈസ് പ്രസിഡന്റ് അബിൻ വർക്കി, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ എന്നിവരെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ. മുതിർന്ന നേതാക്കൾ ഇവർക്ക് വേണ്ടി രംഗത്ത് വന്നതാണ് തീരുമാനത്തിലെത്താൻ തടസമായത്.
സംഘടനാ ചട്ടപ്രകാരം പ്രസിഡന്റ് രാജി വച്ച സ്ഥിതിക്ക്,തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ വൈസ് പ്രസിഡന്റാണ് ആ സ്ഥാനത്തേക്ക് വരേണ്ടത്. അബിൻ വർക്കിക്ക് വേണ്ടി വാദിക്കുന്ന രമേശ് ചെന്നിത്തല മുന്നോട്ടു വയ്ക്കുന്ന ന്യായം ഇതാണ്. നേതൃത്വത്തിന്റെ നിർദ്ദേശം മാനിച്ച് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്ന ബിനു ചുള്ളിയിലിന് അവസരം നൽകണമെന്ന അഭിപ്രായം കെ.സി വേണുഗോപാലിനുണ്ടെങ്കിലും ബിനു ദേശീയ സെക്രട്ടറിയാണെന്നത് തടസമാവുന്നു. എ ഗ്രൂപ്പ് പ്രസിഡന്റ് പദവി വിട്ടുകൊടുക്കാൻ തയ്യാറുമല്ല.അഭിജിത്തിന്റെ പേരാണ് അവർ മുന്നോട്ടു വയ്ക്കുന്നത്. അബിൻ വർക്കിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കാമെന്നും ദേശീയ സെക്രട്ടറിയായ ബിനു ചുള്ളിയിലിനെ ജനറൽ സെക്രട്ടറി പദവിയിലേക്ക് ഉയർത്താമെന്നും അവർ നിർദ്ദേശിക്കുന്നു.
ആർക്കും പോറലേൽക്കാത്ത ഒത്തുതീർപ്പെന്ന നിലയ്ക്കാണ് ചർച്ച .പക്ഷെ രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും ഈ നിർദ്ദേശത്തോട് യോജിക്കുമോ എന്നതാണ് വിഷയം.രണ്ട് ദിവസത്തിനുള്ളിൽ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.