കോൺഗ്രസിൽ ദിവസേന ബോംബ് വീഴുന്നു: എം.വി. ഗോവിന്ദൻ
ചെറുതോണി: സി.പി.എമ്മിൽ ഉടനെയൊരു ബോംബ് വീഴുമെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാക്കുകളിൽ ഭയമില്ലെന്നും ദിവസേന ബോംബുകൾ വീഴുന്നത് കോൺഗ്രസിലാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ക്രിമിനൽ മനോഭാവമുള്ളതു കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും രാജിവയ്ക്കാതെ എം.എൽ.എയായി തുടരുന്നത്. രാഹുൽ കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് രാജിവയ്ക്കണമെന്ന് പറഞ്ഞവർ പിന്നീട് നിലപാട് മാറ്റിയത്. വി.ഡി സതീശനും ഷാഫി പറമ്പിലും ഉൾപ്പെടുന്ന ത്രിമൂർത്തികളാണ് പുതിയ നിലപാടിന് പിന്നിൽ. കേസിനേക്കാൾ പ്രധാനപ്പെട്ട തെളിവുകളാണ് പുറത്തു വന്നത്. സസ്‌പെൻഡ് ചെയ്യുന്നത് മാതൃകാപരമാണോ. കണ്ണിൽ പൊടിയിടാനുള്ള ഈ നീക്കം കേരളം അംഗീകരിക്കില്ല. ഉമ തോമസ് ഉൾപ്പെടെയുള്ളവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫി പറമ്പിലിന്റെയും മാങ്കൂട്ടത്തിലിന്റെയും അനുയായികളാണ്. മുകേഷിന്റെ കാര്യത്തിൽ വർഷങ്ങൾക്ക് മുമ്പുണ്ടായ ആരോപണം ആയിരുന്നു. കേസിന്റെ വിധിയനുസരിച്ച് നിലപാടെടുക്കാമെന്നാണ് അന്ന് പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഓരോ സ്ത്രീയും തെളിവാണ് തരുന്നത്. അത് മൂടിവയ്ക്കാൻ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും അദ്ദേഹം ഇടുക്കി തങ്കമണിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.