ബിനാമി ഇടപാട് ആക്ഷേപം, പി.പി. ദിവ്യയ്ക്കെതിരെ അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടി വിജിലൻസ്

Wednesday 27 August 2025 12:00 AM IST

കൊച്ചി: പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബിനാമി കമ്പനി രൂപീകരിച്ച് ഇടപാടുകൾ നടത്തിയെന്ന പരാതി അന്വേഷിക്കാൻ സർക്കാരിന്റെ അനുമതി തേടിയതായി വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു. ഇതിൽ സ്വീകരിച്ച തുടർനടപടികൾ അറിയിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. കെ.എസ്.യു വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നടപടി. ഹർജി വീണ്ടും സെപ്തംബർ 18ന് പരിഗണിക്കും.

വിജിലൻസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

ജില്ലാ പഞ്ചായത്തിന്റെ കരാർ ജോലികൾ നൽകി 'കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന ബിനാമി കമ്പനിയിലൂടെ ദിവ്യ നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. സാമ്പത്തിക നേട്ടത്തിനായി ജില്ലാ പഞ്ചായത്തിന്റെ കരാറുകൾ നേടിയെടുക്കാൻ തട്ടിക്കൂട്ടിയതാണ് കമ്പനിയെന്നും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്), നിർമ്മിതി കേന്ദ്ര എന്നീ സ്ഥാപനങ്ങൾക്ക് അനുവദിച്ച പദ്ധതികൾ പിന്നീട് ബിനാമി കമ്പനിക്ക് കൈമാറിയെന്നുമാണ് ആരോപണം.

വനിതകൾക്ക് താമസ സൗകര്യം ഒരുക്കാൻ ജില്ലാ പഞ്ചായത്ത് 49 സെന്റ് സ്ഥലം വാങ്ങിയതിലും ഷമ്മാസ് അഴിമതി ആരോപിക്കുന്നുണ്ട്. പി.പി. ദിവ്യയുടെ സ്വാധീനത്തിലാണ് ക്രമക്കേടുകൾ നടന്നതെന്നാണ് പരാതി.