വിജിലിന്റെ മരണം: മൃതദേഹാവശിഷ്ടങ്ങൾക്കായി പരിശോധന ഇന്ന്

Wednesday 27 August 2025 12:00 AM IST

കോഴിക്കോട്: ലഹരി ഉപയോഗത്തിനിടെ മരിച്ച യുവാവിനെ സുഹൃത്തുക്കൾ കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹാവശിഷ്ടങ്ങൾക്കായി പൊലീസ് ഇന്ന് പരിശോധന നടത്തും.അറസ്റ്റിലായ എരഞ്ഞിപ്പാലം കുളങ്ങരകണ്ടി സ്വദേശി കെ.കെ നിഖിൽ,വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരെ മൂന്നുദിവസത്തേക്ക് അന്വേഷണ സംഘത്തിന് വിട്ടു നൽകി.പ്രതികളെ ഇന്ന് സ്ഥലത്തെത്തിച്ച് പരിശോധന നടത്തും.2019 മാർച്ച് 29ന് കാണാതായ വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിന്റെ (30) മൃതദേഹം സരോവരം ബയോപാർക്കിനോട് ചേർന്നുള്ള കണ്ടൽകാടിനുള്ളിലെ ചതുപ്പിൽ കെട്ടി താഴ്ത്തിയെന്നാണ് സുഹൃത്തുക്കളുടെ മൊഴി.സരോവരത്തെ ഒഴിഞ്ഞ ഭാഗത്തിരുന്ന് നാലുപേരും ലഹരിയുപയോഗിച്ചു ഏറെനേരം കഴിഞ്ഞിട്ടും വിജിൽ ഉണരാതിരുന്നതോടെ മറ്റുള്ളവർ തിരിച്ചുപോയി.രാത്രി വീണ്ടുമെത്തിയപ്പോൾ വിജിൽ മരിച്ചെന്നുറപ്പാക്കി,മൃതദേഹം കുറ്റിക്കാട്ടിലേക്ക് മാറ്റി.അടുത്ത ദിവസം വീണ്ടുമെത്തി ചതുപ്പിൽ താഴ്ത്തി,മുകളിൽ ചെങ്കല്ല് വെച്ചു.എട്ടുദിവസത്തിന് ശേഷം തല വെള്ളത്തിനുമുകളിലേക്ക് ഉയർന്നതോടെ ഭാരമേറിയ കല്ലെടുത്ത് മുകളിൽ വച്ചു.ചതുപ്പിൽ കുഴിച്ചിട്ടതിനാൽ സംഭവ സ്ഥലത്തെ വെള്ളം വറ്റിക്കുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ എലത്തൂർ എസ്.എച്ച്.ഒ രഞ്ജിത്ത് പറഞ്ഞു.

അസ്ഥിയെടുത്ത് ക‌ർമ്മം ചെയ്തു

കുറ്റബോധത്താൽ പ്രതികൾ മാസങ്ങൾക്ക് ശേഷം അസ്ഥിയെടുത്ത് ബലിതർപ്പണം നടത്തി കടലിൽ ഒഴുക്കി.സംഭവത്തിന് ശേഷം, പിടിയിലായ നിഖിലിന്റേയും ദീപേഷിന്റെയും ജീവിത ശെെലിയിൽ മാറ്റങ്ങൾ വന്നു.ലഹരി ഉപയോഗം കുറച്ച ഇരുവരും ദിവസവും ജോലിയ്ക്ക് പോയിരുന്നെന്നും പൊലീസ് പറഞ്ഞു.അന്വേഷണം തിരിച്ചുവിടാൻ പ്രതികൾ കല്ലായി റെയിൽവേ സ്റ്റേഷനിലുപേക്ഷിച്ച വിജിലിന്റെ സ്കൂട്ടർ ഇന്നലെ വൈകീട്ട് സ്റ്റേഷൻ പരിസരത്തു നിന്നും കണ്ടെത്തി.മൊബൈൽ ഫോൺ കിട്ടിയില്ല.കേസിലുൾപ്പെട്ട സുഹൃത്ത് പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്തിനായി(31)അന്വേഷണം തുടരുകയാണ്.സിറ്റി പൊലീസ് പരിധിയിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമം കമ്മിഷണർ ടി.നാരായണന്റെ നിർദ്ദേശപ്രകാരം ഊർജ്ജിതമാക്കിയിരുന്നു.തുടർന്നാണ് കേസ് വീണ്ടും അന്വേഷിച്ചത്.

 ഉറ്റ ചങ്ങാതിമാരെന്ന് പിതാവ്

ഉറ്റചങ്ങാതിമാർ തന്നെ ഇത് ചെയ്യുമെന്ന് കരുതിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും പിതാവ് വിജയൻ. ഒരുമിച്ച് പഠിച്ചവരാണവർ.എപ്പോഴും ഒരുമിച്ചുണ്ടാകും.വിജിലിനെ കാണാതായ അന്നുമുതൽ ചോദിച്ചപ്പോൾ അറിയില്ലെന്നുമാത്രമായിരുന്നു മറുപടി.ഇതിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നാണ് സംശയിക്കുന്നത്.എന്താണ് നടന്നതെന്ന് എനിക്കറിയണം.സംഭവ ശേഷം സുഹൃത്തുക്കൾ വീട്ടിലേക്ക് വന്നിട്ടില്ല.