തിരഞ്ഞെടുപ്പ് കോഴ: സുരേന്ദ്രനെതിരായ ഹർജി പിൻവലിച്ചു

Wednesday 27 August 2025 12:00 AM IST

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെയടക്കം വെറുതേവിട്ട കാസർകോട് സെഷൻസ് കോടതി ഉത്തരവിനെതിരായ സർക്കാരിന്റെ റിവിഷൻ ഹർജി പിൻവലിച്ചു. ഇതേ വിഷയത്തിൽ അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നതിനാൽ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അനുവദിക്കുകയായിരുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന് അപരനായി ബി.എസ്.പിയിലെ കെ. സുന്ദര പത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കാനായി ഭീഷണിപ്പെടുത്തിയെന്നും പിന്നീട് രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈൽ ഫോണും കോഴ നൽകി അനുനയിപ്പിച്ച് പിൻവലിപ്പിച്ചെന്നുമാണ് കേസ്. എന്നാൽ, കേസിൽ സുരേന്ദ്രനടക്കം ആറു പേരെ വെറുതേ വിട്ട് കാസർകോട് സെഷൻസ് കോടതി 2024 ഒക്ടോബർ അഞ്ചിന് ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

റിവിഷൻ ഹർജി ഈ വിഷയത്തിൽ നിലനിൽക്കുമോയെന്ന നിയമപ്രശ്നം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പിൻവലിക്കാൻ അനുമതി തേടിയത്.