യു.ജി.സി പാഠ്യപദ്ധതി പഠിക്കാൻ ഉന്നതതല സമിതി
തിരുവനന്തപുരം: യു.ജി.സിയുടെ മാതൃകാ പാഠ്യപദ്ധതിയെക്കുറിച്ച് പഠിക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രൊഫ. പ്രഭാത് പട്നായിക് അധ്യക്ഷനായ ഉന്നതതല സമിതിയെ നിയോഗിച്ചു.
പ്രൊഫ. പ്രഭാത് പട്നായിക് (ചെയർമാൻ), പ്രൊഫ. രാജൻ ഗുരുക്കൾ (സഹ-ചെയർമാൻ), ഡോ. വാണി കേസരി (പ്രൊഫസർ, കൊച്ചിൻ യൂണിവേഴ്സിറ്റി), ഡോ. എൻ. ജെ. റാവു (പ്രൊഫസർ, റിട്ട.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്), ഡോ. രാജൻ വറുഗീസ് (കൺവീനർ) എന്നിവരാണ് സമിതിയംഗങ്ങൾ. പ്രൊഫ. റോമില ഥാപ്പർ പ്രത്യേക ക്ഷണിതാവാണ്. അക്കാഡമിക് നിലവാരം, ശാസ്ത്രീയ സാധുത, ആശയപരമായ നിഷ്പക്ഷത, കരട് പാഠ്യപദ്ധതി സംസ്ഥാന സർവകലാശാലകളുടെ സ്വയംഭരണത്തെ എങ്ങനെ ബാധിക്കും എന്നിവയെക്കുറിച്ച് സമിതി വിലയിരുത്തും.
നാലുവർഷ ബിരുദ കോഴ്സിനായുള്ള കരിക്കുലം ക്രെഡിറ്റ് ഫ്രെയിംവർക്കും യുജിസി കരട് പാഠ്യപദ്ധതിയും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ സമിതി പരിശോധിക്കും. റിപ്പോർട്ട് ലഭിച്ചശേഷം സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രതികരണം കേന്ദ്രത്തെ അറിയിക്കും. ഇന്നലെ ചേർന്ന ഉന്നതവിദ്യാഭ്യാസ കൗൺസിൽ എക്സിക്യൂട്ടീവ് ബോഡി യോഗത്തിലാണ് തീരുമാനം.