ആലപ്പിയെ തകര്‍ത്ത് കാലിക്കറ്റ്; ഗ്ലോബ്‌സ്റ്റാര്‍സിന്റെ ജയം 44 റണ്‍സിന്

Tuesday 26 August 2025 11:36 PM IST

തിരുവനന്തപുരം: ആലപ്പി റിപ്പിള്‍സിനെ 44 റണ്‍സിന് വീഴ്ത്തി കെസിഎല്ലില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. കാലിക്കറ്റ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റിപ്പിള്‍സിന്റെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിച്ചു. സീസണിലെ കാലിക്കറ്റിന്റെ രണ്ടാം ജയവും ആലപ്പിയുടെ മൂന്നാം തോല്‍വിയുമാണിത്. നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള റിപ്പിള്‍സ് നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

വിജയലക്ഷ്യം പിന്തുടര്‍ന്ന റിപ്പിള്‍സ് നിരയില്‍ 33 പന്തുകളില്‍ നിന്ന് 43 റണ്‍സെടുത്ത ജലജ് സക്‌സേന മാത്രമാണ് പിടിച്ചുനിന്നത്. ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീന്‍ 21 റണ്‍സ് നേടി. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. കാലിക്കറ്റിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ മോനു കൃഷ്ണയാണ് കളിയിലെ കേമന്‍. അഖില്‍ സ്‌കറിയയും സുധേശന്‍ മിഥുനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മനു കൃഷ്ണനും ഇബ്‌നുള്‍ അഫ്താബും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് വേണ്ടി 30 പന്തില്‍ 45 റണ്‍സെടുത്ത അഖില്‍ സ്‌കറിയയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ റോഹന്‍ കുന്നുമ്മല്‍ 31(16), പി അന്‍ഫല്‍ 20(24), കൃഷ്ണ ദേവന്‍ 20(10) മനു കൃഷ്ണന്‍ 26(12), സുരേഷ് സച്ചിന്‍ 4(5), എം അജ്‌നാസ് 6(15) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ആലപ്പിക്കാി രാഹുല്‍ ചന്ദ്രന്‍ മൂന്ന് വിക്കറ്റുകള്‍ വീഴത്തി. ജലജ് സക്‌സേന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആദിത്യ ബൈജു, എന്‍.പി ബേസില്‍, ശ്രീഹരി നായര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.