പ്ലാസ്റ്റിക്ക് കുപ്പി വർണ ഷർട്ടും ടീഷർട്ടുമാകും

Wednesday 27 August 2025 1:03 AM IST

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് കുപ്പിയിൽ നിന്നുണ്ടാക്കുന്ന നൂലിലൊരുക്കിയ ഷർട്ടുകളും ടീഷർട്ടുകളും ബനിയനുകളുമായി 'നെയ്‌ത്ത്" അടുത്തമാസം വിപണിയിലെത്തും. സി.ഇ.ടിയിലെ റിന്യൂവബിൾ എനർജി എം.ടെക്ക് വിദ്യാർത്ഥി വിഷ്ണു ഗിരിജാഗോപാലും (27) സുഹൃത്ത് ജി.എസ്. ജിത്തുവുമാണ് (27) കേരളത്തിലാദ്യമായി പി.ഇ.ടി (പോളിയെത്തിലീൻ ടെറഫ്‌താലേറ്റ്) കുപ്പികളിൽ നിന്ന് വസ്ത്രങ്ങൾ നിർമ്മിച്ചത്.

സസ്റ്റെയ്‌നബിൾ ഫൈബർ എൻജിനിയറിംഗ് സാങ്കേതിക വിദ്യയിലാണ് പ്ലാസ്റ്റിക്കിനെ നൂലാക്കുന്നത്. വിദേശരാജ്യങ്ങളിൽ പ്രചാരത്തിലുള്ള സാങ്കേതികവിദ്യയാണിത്. വസ്ത്രത്തിന്റെ മൃദുത്വത്തിനും വായുസഞ്ചാരത്തിനുമായി മുളയുടെ പൾപ്പ് ചേർക്കും. മിനറൽവാട്ടർ, പെപ്സി, സെവൻ അപ്പ് ഉൾപ്പെടെയുള്ള കുപ്പികളാണ് ഉപയോഗിക്കുന്നത്. തീര ശുചീകരണത്തിലൂടെയാണ് കുപ്പി ശേഖരണം. ഇവ വൃത്തിയാക്കി തിരുപ്പൂരിലെ ഫാക്ടറിയിൽ സംസ്‌കരിച്ച് തരികളാക്കും. തുടർന്ന് മുളയുടെ പൾപ്പ് ചേർത്ത് ചൂടാക്കി നൂലാക്കും. ഇഷ്ടമുള്ള നിറവും ഡിസൈനും നൽകി വസ്ത്രങ്ങൾ നിർമ്മിക്കും. വഴുതക്കാട്ടാണ് 'നെയ്‌ത്തി"ന്റെ ഓഫീസ്.

പി.ഇ.ടിയിൽ നിന്നുള്ള വസ്ത്ര ബ്രാൻഡിനെക്കുറിച്ചായിരുന്നു എം.ടെക്കിൽ വിഷ്ണുവിന്റെ മിനി പ്രോജക്ട്. കാഞ്ഞിരംപാറ സ്വദേശിയണ് വിഷ്ണു. അച്ഛൻ: വേണുഗോപാൽ, അമ്മ: ഗിരിജ, സഹോദരൻ: വീരജ്. പേട്ട സ്വദേശിയാണ് ജിത്തു. അച്ഛൻ: ഗോപകുമാർ. അമ്മ: ഷീബ, സഹോദരൻ: ഗോപീകൃഷ്ണ.

 ശരീരത്തിന് ദോഷമാകില്ല

പ്ലാസ്റ്റിക്കിനൊപ്പം മുള ചേർക്കുന്നതിനാൽ വസ്ത്രം ശരീരത്തിന് ദോഷമുണ്ടാക്കില്ല. ഗ്ലോബൽ റീസൈക്കിൾഡ് സ്റ്റാൻഡേ‌ർഡും അനുശാസിക്കുന്നുണ്ട്. മെഡിക്കൽ ടെസ്റ്റും പാസായി. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്കാവും വില്പന. കൊച്ചിയിൽ നടന്ന കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിൽ നെയ്‌ത്ത് ആദ്യമായി അവതരിപ്പിച്ചു. പേറ്റന്റിനും അപേക്ഷിച്ചിട്ടുണ്ട്. ആനാട് മോഹൻദാസ് എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗിൽ സഹപാഠികളായിരുന്നു വിഷ്ണുവും ജിത്തുവും. 2019ൽ പഠിച്ചിറങ്ങിയ ശേഷം വിഷ്ണു ഇന്റീരിയർ ഡിസൈൻ കമ്പനിയിൽ ജീവനക്കാരനായി. അത് രാജിവച്ചാണ് വിഷ്ണു ജിത്തുവിനൊപ്പം തിരുപ്പൂരിലെത്തിയത്. തുടർന്ന് 2022ൽ മലയാളിയായ ബിനോയിയുടെ സഹായത്തോടെ ടീഷർട്ട് നിർമ്മിക്കുന്ന 'നെയ്ത്ത്' എന്ന ഫാക്ടറി തുടങ്ങി. സ്ഥാപനം ലാഭത്തിലായപ്പോഴാണ് പരിസ്ഥിതി സൗഹൃദമായ ബ്രാൻഡ് എന്ന ചിന്തയുണ്ടായത്.

'കേരളത്തിലെ ആശുപത്രികളിൽ നിന്ന് ദിവസവും 80 ടൺ പ്ലാസ്റ്റിക്ക് കുപ്പി പുറംതള്ളുന്നുണ്ട്. ഇവയിൽ നിന്ന് 16,000 ടീഷർട്ടുകൾ നിർമ്മിക്കാം".

- വിഷ്ണു